ആകമാന സഭാനിലപാടുകള്‍

20081231

എത്യോപ്യന്‍ ബാവായെ പൗരസ്ത്യ ബാവാ ദേവലോകത്തു് സ്വീകരിച്ചു



പരിശുദ്ധ ആബൂന പൌലോസ് പ്രഥമന്‍ ബാവയ്ക്കു് 'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ് ' ബഹുമതി


പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവയും പരിശുദ്ധ ആബൂന പൗലോസ്‌ പ്രഥമന്‍ ബാവയും
ദേവലോകം (കോട്ടയം): എത്യോപ്യന്‍ ഓര്‍‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂന പൌലോസ് പ്രഥമന്‍ ബാവായെ, ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ ദേവലോകത്തു് സ്വീകരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അതിഥിയായി ഇന്ത്യാ സന്ദര്‍ശിയ്ക്കുന്ന എത്യോപ്യാപാത്രിയര്‍ക്കീസ്‌ ചൊവ്വാഴ്ച (2008 ഡി. 30) വൈകിട്ട്‌ ഏഴുമണിയോടെയാണു് ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കാസന അരമനയിലെത്തിയത്‌. ദേവലോകം അരമനയിലെത്തിയ ബാവായെയും സംഘത്തെയും നിയുക്ത പൗരസ്ത്യ കാതോലിക്കോസ് കാതോലിക്കോസ് ശ്രേഷ്‌ഠ പൗലോസ്‌ മാര്‍ മിലിത്തിയോസിന്റെ നേതൃത്വത്തില്‍ ആനയിച്ചു.

മലങ്കര മാര്‍ത്തോമ്മ നവീകരണ സഭയുടെ പ്രധാനഅദ്ധ്യക്ഷന്‍ ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, സി എസ് ഐ ബിഷപ്പ്‌ ഡോ. തോമസ്‌ സാമുവല്‍, ഇന്ത്യന്‍ സഭയുടെ മെത്രാപ്പോലീത്താമാരായ കുര്യാക്കോസ്‌ മാര്‍ ക്‌ളീമീസ്‌, മാത്യൂസ്‌ മാര്‍ സേവേറിയോസ്, ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌, എം. എല്‍. എയായ വി. എന്‍. വാസവന്‍. നഗരസഭാ അദ്ധ്യക്ഷ റീബാ വര്‍ക്കി. സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ തുടങ്ങിയവര്‍ സ്വീകരണപരിപാടിയില്‍ പങ്കെടുത്തു.
പരിശുദ്ധ പാത്രിയര്‍ക്കീസിന്റെ ബഹുമാനാര്‍ഥം അരമനയില്‍ അത്താഴവിരുന്നും ഒരുക്കിയിരുന്നു.


ചൊവ്വാഴ്ച (2008 ഡി. 30) പകല്‍ പരുമലയില്‍ നടന്ന എം.ജി.ഒ.സി.എസ്‌.എം. ശതാബ്‌ദി സമ്മേളനം പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണു പ്രധാനമായും പാത്രിയര്‍ക്കീസ്‌ കേരളത്തിലെത്തിയത്‌. സമ്മേളനത്തില്‍ വച്ചു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്ക ബാവ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂന പൌലോസ് പ്രഥമന്‍ ബാവയ്ക്കു് ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ് ' നല്‍കി ആദരിച്ചു.

ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ ഏറ്റവും വലിയ ആദരവായ സെന്റ്‌ തോമസ്‌ ബഹുമതി അത്യപൂര്‍വമായാണ്‌ സമ്മാനിക്കുന്നതു് . റഷ്യന്‍‍ ബൈസാന്ത്യ സഭയുടെ പ്രമുഖനായ കിറില്‍ മെത്രാപ്പോലീത്ത, അര്‍മേനിയന്‍ അപ്പോസ്തലിക ഓര്‍ത്തഡോക്സ് സഭയുടെ സുപ്രീം പാത്രിയര്‍ക്കീസ്‌ പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ നെര്‍സിസിയന്‍‍ കാതോലിക്കാ ബാവ തുടങ്ങിയവര്‍ക്കാണു് മുമ്പു് 'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ്' ബഹുമതി നല്കിയിട്ടുള്ളതു്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ