ആകമാന സഭാനിലപാടുകള്‍

20100703

കുടുംമ്പഭദ്രതയെ തകര്‍ക്കുന്ന കരടുനിയമത്തെ എതിര്‍ക്കുമെന്ന് റോമാ സഭ

കൊച്ചി, 2010 ജൂലൈ 01: ഒരു കുഞ്ഞുണ്ടാകുന്നതിന് എന്തുപാധിയും സാങ്കേതികതയും സ്വീകരിക്കാം, എന്ന ചിന്ത അടിസ്ഥാന ധാര്‍മ്മികതയ്ക്കെതിരാണെന്ന്, സീറോ മലബാര്‍ റോമന്‍ കത്തോലിക്കാ സഭയുടെ വലിയ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പ്രസ്താവിച്ചു. ജീവന്‍റെ കാര്യത്തില്‍ മനുഷ്യന്‍ ദൈവത്തിന്‍റെ പരിവേഷമണിയേണ്ടെന്നും കുടുംമ്പഭദ്രതയെ തകര്‍ക്കുന്ന നിയമരൂപീകരണത്തെ കേരള സഭ ശക്തമായി എതിര്‍ക്കുമെന്നും മാര്‍ വര്‍ക്കി വിതയത്തില്‍ വ്യക്തമാക്കി.


കൃത്രിമ പ്രത്യുത്പാദന ബില്ല് (Assisted Reproductive Technology (Regulation Bill) - 2010 ) കൊണ്ടുവന്ന് ഗര്‍ഭപാത്രം വാടകയ്ക്കു കൊടുക്കുന്ന രീതിക്ക് നിയമസാധുത്വം നേടാനുള്ള ഭാരത സര്‍ക്കാരിന്‍റെ നീക്കത്തെ എതിര്‍‍ക്കാനാണു് കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭതീരുമാനിച്ചിട്ടുള്ളത്. ജനങ്ങളുടെ ധാര്‍മ്മിക വളര്‍ച്ചയ്ക്കായി സഭ പരിശ്രമിക്കുമ്പോള്‍ അതിനെതിരായി നിയമം കൊണ്ടുവരുന്ന സര്‍ക്കാരിനെ എതിര്‍ക്കുമെന്ന് സീറോ മലബാര്‍ റോമന്‍ കത്തോലിക്കാ സഭയുടെ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് ജൂണ്‍ 24-ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.


കൃത്രിമ ഗര്‍ഭധാരണ സാങ്കേതികത അംഗീകരിക്കുന്ന കരടുനിയമപ്രകാരം 21-നും 35-നും വയസ്സിനു മദ്ധ്യേയുള്ള സ്ത്രീകള്‍കളുടെ ലാഭേച്ഛകൂടാതെയുള്ള ഗര്‍ഭപാത്രങ്ങളുടെ വായ്പ അല്ലെങ്കില്‍ വാടകയ്ക്കു കൊടുക്കല്‍ അംഗീകരിക്കപ്പെട്ടതാണ്. കുത്തഴിഞ്ഞ ഒരു ലൈംഗിക പ്രവണതയ്ക്ക് ഈ നിയമം വഴിയൊരുക്കുമെന്നും, വ്യവസ്ഥാപിത വൈവാഹിക ബന്ധങ്ങള്‍ക്കെതിരെയുള്ള ഒരപഹാസമാണ് അടുത്ത പാര്‍ലിമെന്‍റില്‍ പാസ്സാക്കാമെന്നു സര്‍ക്കാര്‍ കരുതുന്ന ഈ കരടുനിയമമെന്നും ഫാദര്‍ തേലക്കാട്ട് കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ