
ലണ്ടന്‍: സ്ത്രീകള്‍ക്കും ബിഷപ്പുമാരാകാമെന്ന് പാരമ്പര്യവാദികളുടെ ശക്‌തമായ എതിര്‍പ്പിനെ അവഗണിച്ചു്കൊണ്ടു് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചു. ക്രൈസ്‌തവ സഭാ ചരിത്രത്തിലെ നാഴികക്കല്ലാകുന്ന തീരുമാനം രണ്ടു് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും. ഇതു സംബന്ധിച്ച കരടു് ബില്ലിന് 2010 ജൂലയ് 9 മുതല്‍ 13 വരെ യോര്‍ക്ക് സര്‍വകലാശാലയില്‍ ചേര്‍ന്ന സഭാ ജനറല്‍ സിനഡ് എന്ന ചര്‍ച്ച് നാഷണല്‍ അംസംബ്ലി (സുന്നഹദോസ്) അംഗീകരം നല്‍കി.
വരുംദിവസങ്ങളില്‍ സഭയുടെ കീഴിലുള്ള വിവിധ രൂപതകള്‍ കരടു പ്രമേയം ചര്‍ച്ച ചെയ്യും. രൂപതകള്‍ കൂടി നിയമത്തിന് അംഗീകാരം നല്‍കുന്ന മുറയ്‌ക്ക് 2012ല്‍ നിയമം പ്രാബല്യത്തില്‍ വരും.
വനിതകള്‍ക്കു ബിഷപ് പദവി നല്‍കുന്നതു സംബന്ധിച്ച് വര്‍ഷങ്ങളായി ആംഗ്ലിക്കന്‍ സഭയില്‍ സംവാദങ്ങളും ചര്‍ച്ചകളും നടക്കുകയാണു്. പാരമ്പര്യവാദികളും യാഥാസ്‌ഥിതികരും വനിതകളെ വാഴിക്കാനുള്ള നീക്കത്തെ ശക്‌തമായി എതിര്‍ക്കുകയായിരുന്നു. തീരുമാനം നടപ്പായാല്‍ വിശ്വാസികള്‍ പള്ളികളെ കൈവിടുമെന്നായിരുന്നു ഇവരുടെ വാദം. ഒരു വിഭാഗം പുരോഹിതരും വിശ്വാസികളും എതിര്‍ക്കുന്നുണ്ടെങ്കിലും സുന്നഹദോസില്‍ ഇവരുടെ എതിര്‍പ്പിന് ഭൂരിപക്ഷം ലഭിച്ചില്ല.

ആംഗ്ലിക്കന്‍ സഭയില്‍ വ്യാപകമായ പൊട്ടിത്തെറിയ്ക്കു് വഴിമരുന്നിടാന്‍ പുതിയ നീക്കം ഇടയാക്കും. പാരമ്പര്യവാദികളായ നിരവധി ബിഷപ്പുമാരും പുരോഹിതരും സഭ വിടുന്നതിനെക്കുറിച്ചു് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടു്. പല പ്രമുഖരും തീരുമാനത്തില്‍ അസന്തുഷ്‌ടരാണു്. സഭ വിടാന്‍ തത്‌കാലം ഉദ്ദേശിക്കുന്നില്ലെന്നു് ബില്ലിനെ എതിര്‍ത്ത ഫോര്‍വേഡ് ഇന്‍ ഫെയ്‌ത്ത് ഓര്‍ഗനൈസേഷന്റെ ചെയര്‍മാന്‍ ബിഷപ് ബ്രോഡ്‌ഹഴ്‌സ്റ്റ് പറഞ്ഞു.
''എന്റെ സംഘടനയിലെ ആയിരത്തോളം വരുന്ന പുരോഹിതരും പതിനായിരത്തോളം വരുന്ന അല്‌മായരും സുന്നഹദോസ് തീരുമാനത്തില്‍ അസംതൃപ്‌തരാണ്. അംഗീകരിക്കണമോ, എതിര്‍ക്കണമോ എന്നു സഭാ വിശ്വാസികളാണു തീരുമാനിക്കേണ്ടത്''- ബിഷപ് ബ്രോഡ്‌ഹഴ്‌സ്റ്റ് പറഞ്ഞു.
ഒരുവിഭാഗം പുരോഹിതരുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പുണ്ടെങ്കിലും വനിതകള്‍ക്ക് ബിഷപ്പുമാരാകാമെന്നും അതിനാവശ്യമായ പിന്തുണ നല്‍കുന്നതായും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വക്താവ് ലൂ ഹെന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. വനിതാ ബിഷപ്പുമാര്‍ക്ക് വേണ്ടി ആവശ്യമുന്നയിച്ചവരില്‍ പ്രമുഖയായ ക്രിസ്റ്റീന റീസ് തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാല്‍ അസംബ്ലിയില്‍ സമ്മിശ്രപ്രതികരമാണ് തീരുമാനത്തെക്കുറിച്ച് ഉണ്ടായതെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് റൊവാന്‍ വില്യംസ് പറഞ്ഞു.
ഫോട്ടോ 1 ജനറല്‍ സിനഡ് 2010 ജൂലായ് കടപ്പാട്: Matthew Davies-എപ്പിസ്കോപ്പല്‍ ചര്‍ച്ച് ഡോട് ഓര്‍ഗ്
ഫോട്ടോ 2 കാന്റര്‍ബറി മെത്രാപ്പോലീത്ത പരാജയം സമ്മതിക്കുന്നു. കടപ്പാട്: ASADOUR GUZELIAN-ടെലിഗ്രാഫ്
A divided church faces its darkest hour
Church of England advances plans for women bishops
Norwich backing for women bishops decision
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ