ആകമാന സഭാനിലപാടുകള്‍

20100719

കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌

കേരളത്തിലെ ഓര്‍ത്തഡോക്‌സ്- പ്രൊട്ടസ്റ്റന്റ് സഭകളുടെ പൊതു എക്യുമിനിക്കല്‍ വേദിയാണു് കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ (കെ.സി.സി). റോമന്‍ കത്തോലിക്കാ സഭയും ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ഒഴിച്ചുള്ള പെന്തക്കോസ്‌ത് സഭകളും കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസസിനു് പുറത്താണു്.

1940 ല്‍ തിരുവല്ലയില്‍ രൂപംകൊണ്ട കേരള റീജിയണ്‍ ക്രിസ്‌ത്യന്‍ കോണ്‍ഗ്രസാണു് പിന്നീടു് കെ.സി.സിയായതു്. നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസിന്റെ (എന്‍.സി.സി) ദക്ഷിണേന്ത്യയിലെ ഘടകമായിരുന്ന മദ്രാസ്‌ റപ്രസന്റേറ്റീവ്‌ ക്രിസ്‌ത്യന്‍ കൗണ്‍സിലിനു് കീഴിലാണു് കേരള റീജിയണ്‍ ക്രിസ്‌ത്യന്‍ കോണ്‍ഗ്രസ്‌ ആരംഭിച്ചത്‌.

കേരള റീജിയണ്‍ ക്രിസ്‌ത്യന്‍ കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനം 1940 ജൂലൈയില്‍ കൊല്ലത്തു് നടന്നു. 1945 ല്‍ കോട്ടയത്തു് നടന്ന യോഗം ബിഷപ്പ്‌ സി.കെ. ജേക്കബിനെ പ്രസിഡന്റായും റവ. തോമസ്‌ ഡേവിസിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1946 ല്‍ എന്‍.സി.സിയുടെ കീഴില്‍ സ്വതന്ത്ര ഘടകമായി.

1947 ഫെബ്രുവരിയില്‍ നടന്ന അസംബ്ലിയിലാണ്‌ കേരള റീജിയണ്‍ ക്രിസ്‌ത്യന്‍ കോണ്‍ഗ്രസ്‌ കെ.സി.സിയായി രൂപംമാറിയത്‌. ബിഷപ്പ്‌ സി.കെ. ജേക്കബായിരുന്നു പ്രഥമ പ്രസിഡന്റ്‌. ടി.യു. ഫിലിപ്പ്‌ (വൈസ്‌ പ്രസിഡന്റ്‌), ഫാ. തോമസ്‌ ജേക്കബ്‌ (സെക്രട്ടറി), ജെ. യേശുദാസ്‌ (ട്രഷറര്‍) എന്നിവരായിരുന്നു മറ്റു ഭാരവാഹികള്‍. 1985 ലെ അസംബ്ലിയിലാണു് ഭരണഘടന അംഗീകരിച്ചത്‌.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ, മലബാര്‍ മാര്‍ത്തോമ സുറിയാനി സഭ, സി.എസ്‌.ഐ, കല്‍ദായ സുറിയാനി സഭ, തൊഴിയൂര്‍ സഭ, സാല്‍വേഷന്‍ ആര്‍മി, ഇവാഞ്ചലിക്കല്‍ ലൂഥറന്‍സ്‌ സഭ, യാക്കോബായ സുറിയനി ക്രിസ്ത്യാനി സഭ, ക്‌നാനായ (യാക്കോബായ) സഭ, ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ എന്നീ സഭകള്‍ക്കു പുറമേ 19 സംഘടനകളും കെ.സി.സിയില്‍ അംഗങ്ങളാണ്‌. ബഥേല്‍ ആശ്രമം, ബൈബിള്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ, കേരള ബ്ലൈന്റ്‌ സ്‌കൂള്‍ അസോസിയേഷന്‍, തിരുവല്ല ക്രൈസ്‌തവ സാഹിത്യ സമിതി, മാങ്ങാനം ക്രൈസ്‌തവ ആശ്രമം, മാങ്ങാനം ക്രൈസ്‌തവ മഹിളാലയം, ആലുവ യു.സി. കോളജ്‌, വൈ.എം.സി.എ, മുണ്ടകപ്പാടം മന്ദിരം ആശുപത്രി തുടങ്ങിയ സംഘടനകളും ഇതില്‍പ്പെടുന്നു. കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസിന്റെ കീഴില്‍ റവ. സെബു ജോണ്‍ ചാണ്ടിയാണ്‌ 1969 ല്‍ കീഴ്‌മാട്‌ അന്ധവിദ്യാലയം ആരംഭിക്കുന്നത്‌.

ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം, ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, ബിഷപ്പ്‌ സാം മാത്യു, ഐസക്‌ മാര്‍ പീലക്‌സീനോസ്‌, മാര്‍ അപ്രേം എന്നിവര്‍ പ്രസിഡന്റ്‌ പദവിയിലിരുന്നിട്ടുണ്ട്‌.

മാര്‍ത്തോമാ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ പൗലോസാണ്‌ ഇപ്പോഴത്തെ പ്രസിഡന്റ്‌. കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ (യാക്കോബായ സുറിയനി ക്രിസ്ത്യാനി സഭ), ജിജി ജോണ്‍സണ്‍ (വനിതാ പ്രതിനിധി, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ), ജെയ്‌സണ്‍ പ്രകാശ്‌ (യൂത്ത്‌), സൈമണ്‍ ജോണ്‍ (ദളിത്‌) എന്നിവര്‍ വൈസ്‌ പ്രസിഡന്റുമാരും ഫിലിപ്പ്‌ എം. തോമസ്‌ സെക്രട്ടറിയുമാണ്‌. മൂന്നുവര്‍ഷമാണു ഭാരവാഹികളുടെ കാലാവധി. 11 കമ്മിഷനുകളാണു സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്‌.

പ്രൊട്ടസ്‌റ്റന്റ്‌ സഭകള്‍ക്ക്‌ അംഗത്വം നല്‍കുന്നതിനാലാണു് റോമന്‍ കത്തോലിക്കാ സഭ കെ.സി.സിയില്‍ ചേരാത്തതു്. വിദ്യാഭ്യാസപ്രശ്‌നത്തിലും ചെങ്ങറ ഭൂസമരത്തിലുമെല്ലാം കെ.സി.സി. സജീവമായി ഇടപെട്ടിരുന്നു. സഭകള്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്തുന്നതിനു സംവാദങ്ങള്‍, ചര്‍ച്ചാക്ലാസുകള്‍ തുടങ്ങിയവ നടത്തുന്നുണ്ടു്. 2004 ലെ തേയിലത്തോട്ട തൊഴിലാളി സമരശേഷം തൊഴിലാളികളെ സഹായിക്കാന്‍ സര്‍വീസ്‌ കമ്മിറ്റി രൂപീകരിച്ചു.

സുനാമി ദുരിതാശ്വാസത്തിന്റെ ഭാഗമായി 'കാസാ'യുമായി ചേര്‍ന്നു തീരദേശങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി. എക്യുമെനിക്കല്‍ കമ്മിഷന്റെ കീഴില്‍ നിരവധിപരിശീലന പരിപാടികളും സംഘടിപ്പിക്കന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ