ആകമാന സഭാനിലപാടുകള്‍

20130309

എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥ്യാസിന്റെ സ്ഥാനാരോഹണം


എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പുതിയ പാത്രിയാര്‍ക്കീസായി പരിശുദ്ധ ആബൂനാ മത്ഥ്യാസ് പ്രഥമന്‍ സ്ഥാനാരോഹിതനായി. എത്യോപ്യയുടെ തലസ്ഥാന നഗരിയായ ആഡിസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ പളളിയില്‍ വച്ച് 2013 മാര്‍ച്ച് 3 ഞയറാഴ്ച്ച നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ലോകത്തിലെ വിവിധ സഭകളില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുത്തു. മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധികരിച്ച് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതിയന്‍ ബാവായോടൊപ്പം അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ യുഹാനോന്‍ മാര്‍ ദീയസ്ക്കോറസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. എബ്രഹാം തോമസ്, ഫാ. ഡോ. ജോസ്സി ജേക്കബ്, ഡിക്കന്‍ ജിസ്സ് ജോണ്‍സണ്‍, ശ്രീ ജേക്കബ് മാത്യു, ശ്രീ കെവിന്‍ ജോര്‍ജ്ജ് കോശി, എന്നിവര്‍ പങ്കെടുത്തു.

ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍പ്പെട്ട കോപ്റ്റിക് സഭയില്‍ നിന്ന് സീനിയര്‍ മെത്രാപ്പോലീത്തയായ ആര്‍ച്ച് ബിഷപ്പ് പക്കോമിയോസ് തിരുമേനിയുടെ നേത്യത്വത്തില്‍ മെത്രാപ്പോലീത്താമാരും വൈദികരും ഉള്‍പ്പെടുന്ന സംഘം ചടങ്ങുകളില്‍ പങ്കെടുത്തു. അര്‍മ്മേനിയന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് യച്ച്മിയാച്ചിനില്‍ നിന്നും ബെയ്റൂട്ടില്‍ നിന്നുമായി ആര്‍ച്ച് ബിഷപ്പ് ഗോറൂന്‍ ബാബിയാന്റെ നേത്യത്വത്തില്‍ നാല് മെത്രാപ്പോലീത്തമാര്‍ ശ്രുശ്രുഷയില്‍ സംബന്ധിച്ചു. സിറിയന്‍ ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധികരിച്ച് ആരും എത്തിയിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സ്ഥാനാരോഹണത്തിന്റെ തലേന്ന് പ. ബാവാ തിരുമേനിയും സംഘവും നിയുക്ത പാത്രിയാര്‍ക്കീസിനെ സന്ദര്‍ശിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭ മുഴുവനും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും പുതിയ സ്ഥാനലബ്ദി മലങ്കര ഓര്‍ത്തഡോക്സ് സഭയും എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും തമ്മിലുളള ബന്ധം ദ്യഢതരമാക്കുന്നതിന് സഹായിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും പ. ബാവാ തിരുമേനി പറഞ്ഞു.

അന്നേ ദിവസം വൈകിട്ട് പരിശുദ്ധ ബാവാ തിരുമനസ്സുകൊണ്ട് വിവിധ സഭകളില്‍ നിന്നെത്തിയ സഭാ പ്രതിനിധികള്‍ക്ക് പ്രത്യേകം അത്താഴ വിരുന്ന് ഒരുക്കി. വിവിധ സഭകളില്‍ നിന്നായി മുപ്പത്തിയഞ്ചോളം പ്രതിനിധികള്‍ പങ്കെടുത്തു. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് മുതിര്‍ന്ന മെത്രാപ്പോലീത്തമാരും, കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയില്‍ നിന്നെത്തിയ എല്ലാ മെത്രാപ്പോലീത്താമാരും ബൈസെന്റയിന്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസിനെ പ്രതിനിധികരിച്ച് ലണ്ടനില്‍ നിന്നെത്തിയ ആര്‍ച്ച് ബിഷപ്പ് ഗ്രീഗോറിയോസും, കത്താലിക്കാ സഭയില്‍ നിന്ന് ആര്‍ച്ച ബിഷപ്പ് ജോര്‍ജ്ജ് പാനിക്കുളവും, ആംഗ്ളിക്കന്‍ സഭയില്‍ നിന്നുളള പ്രതിനിധികളും അത്താഴ വിരുന്നില്‍ പങ്കെടുത്തു.സല്‍ക്കാരത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കോപ്റ്റിക് സഭയുടെ എക്യുമെനിക്കല്‍ വിഭാഗത്തിന്റെ തലവന്‍ അബ്ബാ ബിഷോയി മെത്രാപ്പോലീത്താ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ എക്യുമെനിക്കല്‍ രംഗത്തുളള സംഭാവനകളെ പ്രകീര്‍ത്തിച്ചു. 2014 -ല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആതിഥേയത്വത്തില്‍ നടക്കാനിരിക്കുന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയും കത്തോലിക്കാ സഭയും തമ്മിലുളള ദൈവശാസ്ത്ര സംവാദം വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

2013 മാര്‍ച്ച്-3 ഞയറാഴ്ച്ച പുലര്‍ച്ചെ 4 മണിക്ക് ശ്രുശ്രുഷകള്‍ ആരംഭിച്ചു. പ്രഭാത നമസ്ക്കാരത്തെത്തുടര്‍ന്നായിരുന്നു സ്ഥാനാരോഹണ ശ്രുശ്രുഷ. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളിലെ പ്രതിനിധി സംഘങ്ങള്‍ പ്രത്യേകം പ്രത്യേകം നടത്തിയ പ്രാര്‍ത്ഥനയോടെയാണ് സ്ഥാനാരോഹണ ശ്രുശ്രുഷ സമാപിച്ചത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബാവാ തിരുമേനിയും പ്രതിനിധി കളും അടങ്ങുന്ന സംഘത്തിനായിരുന്നു ആദ്യം പ്രാര്‍ത്ഥന നടത്തുന്നതിനുള്ള അവസരം. പിന്നീട് കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളും, അര്‍മ്മേനിയന്‍ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളും പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് സ്ഥാനാരോഹിതനായ പരിശുദ്ധ മത്ഥ്യാസ് പ്രഥമന്‍ പാത്രിയാര്‍ക്കീസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന നടന്നു. പരിശുദ്ധ ബാവാ തിരുമേനി ഉള്‍പ്പെടെ ഓറിയന്റല്‍ സഭാ കുടുംബത്തില്‍പ്പെട്ട എല്ലാ പ്രതിനിധികളും വി. കുര്‍ബ്ബാനയില്‍ അംശവസ്ത്രധാരികളായി പങ്കെടുത്ത് വി. കുര്‍ബ്ബാന അനുഭവിച്ചു. മറ്റ് ഓര്‍ത്തഡോക്സ് സഭകളില്‍ നിന്ന് സഭാ തലവന്‍മാര്‍ ഒഴികെയുള്ള പ്രതിനിധി സംഘങ്ങളാണ് എത്തിയതെങ്കില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് സഭയുടെ പരമാദ്ധ്യക്ഷന്‍ തന്നെ ശ്രുശ്രുഷയില്‍ സംബന്ധിച്ചത് പ്രത്യേകം ശ്രദ്ധേയമായി. ഇതില്‍ എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കുള്ള ചാരിതാര്‍ത്ഥ്യം വളരെയായിരുന്നു.

വി. കുര്‍ബ്ബാനാനന്തരം രാവിലെ 9.30-ന് നടന്ന അനുമോദന സമ്മേളനത്തില്‍ ആദ്യമായി അഭിനന്ദനം രേഖപ്പെടുത്തിയത് പ. കാതോലിക്കാ ബാവാ തിരുമേനിയായിരുന്നു. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സത്യ വിശ്വാസ പൈത്യകം, സാംസ്ക്കാരികത്തനിമ, 6-ാം നൂറ്റാണ്ട് മുതല്‍ വികസിപ്പിച്ചെടുത്ത വിശിഷ്ഠമായ സംഗീത പാരമ്പര്യം, വേദാധിഷ്ഠിതമായ ആരാധന പാരമ്പര്യം, ഏറ്റവും പുരാതനമായ കൈയ്യെഴുത്തു ശേഖരം, കേരളത്തിലെ അനുഷ്ഠാന കലയായ നൃത്തനാട്യത്തിന് സമാനമായ എത്യോപ്യന്‍ ക്രിസ്തീയ നൃത്തം, ഇവയെല്ലാം എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ എടുത്തു പറയേണ്ട മേന്മയാണെന്ന് പ. ബാവാ തിരുമേനി അനുമോദന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സമ്പന്നമായ ഈ പൈതൃകം അഭംഗുരം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും കാലികമായ വെല്ലുവിളികളെ സധൈര്യം ദൈവാശ്രയത്തോടെ നേരിടുന്നതിനും പുതിയ പാത്രിയാര്‍ക്കീസിന് ദൈവം തമ്പുരാന്‍ ക്യപ നല്‍കട്ടെ എന്ന് പ. ബാവാ തിരുമേനി ആശംസിച്ചു. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയുമായുളള ബന്ധം ഉത്തരോത്തരം വളര്‍ന്നുവരട്ടെ എന്നും പരിശുദ്ധ ബാവാതിരുമേനി പ്രസംഗത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു. പ. ബാവാ തിരുമനസ്സുകൊണ്ട് പരിശുദ്ധ മത്ഥ്യാസ് പ്രഥമന്‍ പാത്രിയാര്‍ക്കീസിനെ മൂന്ന് കുരിശുമാലകള്‍ അണിയിച്ച് പരസ്പരം അശ്ളേഷിച്ചു. മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിക്ക് വേണ്ടി പ്രതിനിധി സംഘമായ ശ്രീ. ജേക്കബ് മാത്യു ഒരു പ്രത്യേക ഉപഹാരവും പ. പാത്രിയാര്‍ക്കീസ് ബാവായ്ക്ക് സമര്‍പ്പിച്ചു. സമ്മേളനത്തില്‍ പങ്കുകൊണ്ട വമ്പിച്ച ജനാവലി കരാഘോഷത്തോടെ ഈ നിമിഷത്തിന് സാക്ഷ്യം വഹിച്ചു.

പിറ്റേന്ന് മാര്‍ച്ച്-4-ാം തിയ്യതി 10 മണിക്ക് പരിശുദ്ധ പാത്രിയാര്‍ക്കീസുമായി പരിശുദ്ധ ബാവാ തിരുമേനിയും സംഘവും പ്രത്യേകമായി കൂടിക്കാഴ്ച്ച നടത്തി വീണ്ടും അഭിനന്ദനങ്ങള്‍ അറിയിച്ചു. പരസ്പരം നന്ദി പ്രകാശിപ്പിച്ചും അശ്ളേഷിച്ചും യാത്ര പറഞ്ഞ് പിരിഞ്ഞു.

ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ

06 മാര്‍ച്ച് 2013
കാതോലിക്കാസന വാര്‍ത്ത

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ