ആകമാന സഭാനിലപാടുകള്‍

20130305

എത്യോപ്പ്യന്‍ ഓര്‍ത്തഡോക്സ് സഭ


വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

റഷ്യന്‍ സഭ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഓര്‍ത്തഡോക്സ് സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ ഏറ്റവും വലുതുമാണ് എത്യോപ്യന്‍ സഭ.
ആഫ്രിക്കയിലെ ഒരു സ്വതന്ത്ര രാജ്യമാണ് എത്യോപ്യ. പഴയ പേര് അബീസീനിയാ. 1974 വരെ രാജഭരണത്തിലായിരുന്നു. ശലോമോന്യ രാജവംശം എന്നാണ് ഈ രാജവംശത്തെ വിശേഷിപ്പിച്ചിരുന്നത്. എത്യോപ്യായിലെ ജനസംഖ്യയില്‍ പകുതിയോളം സഭാവിശ്വാസികളാണ്. മൂന്നര കോടിയാണ് ഈ സഭയുടെ അംഗസംഖ്യ. തലസ്ഥാനമായ ആഡിസ് അബാബായാണ് സഭയുടെയും ആസ്ഥാനം.
എത്യോപ്യയില്‍ ക്രിസ്തുമതം ആദിമകാലത്തുതന്നെ പ്രവേശിച്ചതായി പാരമ്പര്യമുണ്ട്. അപ്പോസ്തോല പ്രവൃത്തിയില്‍ (8: 26 - 40) പറയുന്ന ഷണ്ഡന്‍ ഫീലിപ്പോസ് ശെമ്മാശ്ശനിന്‍ നിന്ന് മാമോദീസായേറ്റ ശേഷം എത്യോപ്യയില്‍ പോയി സുവിശേഷം പ്രചരിപ്പിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ അപ്പോസ്തോലനായ വി. മത്തായി എത്യോപ്യ സന്ദര്‍ശിച്ചതായും പാരമ്പര്യമുണ്ട്.
സോര്‍ നിവാസികളായ ഫ്രുമെന്‍ ഷ്യസ്, എഡേഷ്യസ് എന്നിവര്‍ നാലാം നൂറ്റാണ്ടില്‍ എത്യോപ്യയിലെത്തിയതോടെയാണ് ക്രൈസ്തവസഭയുടെ ഔദ്യോഗിക ആരംഭം. എസാന ചക്രവര്‍ത്തി എഡി 330ല്‍ ക്രിസ്തുമതം സ്വീകരിച്ചതോടെ സഭ രാജ്യത്തെ ഔദ്യോഗിക മതമായിത്തീര്‍ന്നു. വൈകാതെ ഫ്രുമെന്‍ഷ്യസ് ഈജിപ്റ്റിലെത്തി അലക്സാന്ത്രിയാ പാത്രിയര്‍ക്കീസ് വി. അത്താനാസിയോസില്‍ നിന്ന് മെത്രാന്‍ പട്ടമേറ്റ് മടങ്ങിയെത്തി. ആബാ സലാമ എന്നറിയപ്പെട്ട അദ്ദേഹമാണ് എത്യോപ്യയിലെ ആദ്യത്തെ മെത്രാപ്പോലീത്താ.
സിറിയായില്‍ നിന്ന് എഡി 480ല്‍ എത്തിയ 'ഒന്‍പതു വിശുദ്ധന്മാര്‍' എന്നറിയപ്പെടുന്ന സന്യാസിമാരുടെ ആഗമനത്തോടെ സഭ വീണ്ടും പുതുജീവന്‍ കൈക്കൊണ്ടു. ഇവരുടെ ശിഷ്യനായ വി. യാറിഡ് ആരാധനാസംഗീതം സംവിധാനം ചെയ്തു. സന്യാസപ്രസ്ഥാനത്തിനു വിത്തു വിതച്ചതും ഈ സന്യാസിമാര്‍ തന്നെയാണ്.
ഏഴു മുതല്‍ 13-ാം നൂറ്റാണ്ടുവരെ രാജ്യം ഇസ്ളാമിന്റെ ഭാഗികമായ സ്വാധീനത്തിലായിരുന്നു. എത്യോപ്യ 1543 മുതല്‍ 1636 വരെ പോര്‍ച്ചുഗീസ് ബന്ധത്തിലായിരുന്നു. ആ കാലത്തും പിന്നീട് 19-ാം നൂറ്റാണ്ടിലും ഇറ്റാലിയന്‍ അധിനിവേശകാലത്തും (1935 - 1941) കുറെപ്പേര്‍ റോമാ സഭയില്‍ ചേര്‍ന്നു. പത്തുവര്‍ഷക്കാലം (1626 -1636) എത്യോപ്യന്‍ സഭ റോമാസഭയുമായി ഐക്യത്തിലായിരുന്നു. പക്ഷേ പിന്നീട് ബന്ധം അവസാനിച്ചു. എത്യോപ്യയിലും എറീട്രിയയിലുമായി രണ്ടരലക്ഷത്തോളം ആളുകള്‍ എത്യോപ്യന്‍ കത്തോലിക്കാ റീത്തിലുണ്ട്. 17-ാം നൂറ്റാണ്ടില്‍ ചിലര്‍ പ്രോട്ടസ്റന്റ് സഭകളിലും ചേര്‍ന്നു.
അലക്സന്ത്രിയാപാത്രിയര്‍ക്കീസു മാര്‍ വാഴിച്ചയയ്ക്കുന്ന മെത്രാന്മാരാണ് എത്യോപ്യന്‍ സഭയ്ക്ക് ആത്മീയ നേതൃത്വം നല്‍കിവന്നിരുന്നത്. അവര്‍ എപ്പോഴും ഈജിപ്റ്റുകാരായ കോപ്റ്റിക് സഭാംഗങ്ങളായിരുന്നു. 'ആബൂനാ' (നമ്മുടെ പിതാവ് എന്നര്‍ത്ഥം) എന്നാണ് അവരെ വിളിച്ചിരുന്നത്. ഇതു കൂടാതെ എഡി 1268 മുതല്‍ തദ്ദേശിയരായ 'എച്ചഗ്വേ'മാര്‍ സഭയ്ക്ക് ഭരണ നേതൃത്വം നല്‍കിവന്നു. വി. തെക്ളേഹൈമനോത് ആണ് ആദ്യത്തെ 'എച്ചഗ്വേ'. 16-ാം നൂറ്റാണ്ടു വരെ മലങ്കരസഭയിലുണ്ടായിരുന്ന അര്‍ക്കദ്യാക്കോന്‍ പദവിക്കു സമാനമാണ് കോപ്റ്റിക് ബിഷപ്പിനു കീഴിലുണ്ടായിരുന്ന 'എച്ചഗ്വേ' പദവി.
സഭ വളര്‍ന്നപ്പോള്‍ ഒരു മെത്രാപ്പോലീത്താ മാത്രമായാല്‍ മതിയാവുകയില്ല എന്നതുകൊണ്ട് 1878-ല്‍ ഒരു മെത്രാപ്പോലീത്തായും മൂന്ന് മെത്രാന്മാരും എത്യോപ്യയിലേക്കു നിയമിക്കപ്പെട്ടു.
എത്യോപ്യക്കാരെ തന്നെ തങ്ങളുടെ മേല്‍പ്പട്ടക്കാരായി വാഴിക്കണമെന്നുള്ള അഭ്യര്‍ത്ഥന മാനിച്ച് കോപ്റ്റിക് സഭാ തലവനായ പോപ്പ് ജോണ്‍ പത്തൊമ്പതാമന്‍ 1929ല്‍ ഈജിപ്റ്റുകാരനായ ആബൂനാ കൂറിലോസ് എന്ന മെത്രാപ്പോലീത്തായെയും എത്യോപ്യക്കാരായ നാലു മെത്രാന്മാരെയും വാഴിച്ചു. 1948ലെ ഉടമ്പടിയനുസരിച്ച് ആബൂനാ കൂറിലോസിന്റെ കാലശേഷം പോപ്പ് ജോസഫ് രണ്ടാമന്‍ എത്യോപ്യക്കാരനായ ആബൂനാ ബസേലിയോസിനെ മെത്രാപ്പോലീത്തായായി വാഴിച്ച് എത്യോപ്യന്‍ സഭയ്ക്ക് ഉള്‍ഭരണ സ്വാതന്ത്യ്രം നല്‍കി. കോപ്റ്റിക് പോപ്പ് സിറിള്‍ ആറാമന്‍ 1959ല്‍ ആബൂനാ ബസേലിയോസിനെ പാത്രിയര്‍ക്കീസായി വാഴിച്ചതോടെ എത്യോപ്യന്‍ സഭ പൂര്‍ണ സ്വാതന്ത്യ്രവും സ്വയംശീര്‍ഷകത്വവും കൈവരിച്ചു. ഇദ്ദേഹത്തിന്റെ കാലശേഷം ആബുനാ തെയോഫിലോസ് 1971ല്‍ പാത്രിയര്‍ക്കീസായി.
എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസിയുടെ ഭരണകാലം (1930 - 1974) സഭയുടെ സുവര്‍ണ കാലഘട്ടമായിരുന്നു. 1956ല്‍ അദ്ദേഹം ഭാരതം സന്ദര്‍ശിച്ചപ്പോള്‍ മലങ്കരസഭയിലും സന്ദര്‍ശനം നടത്തി. ആഡിസ് അബാബായില്‍ 1965 ജനുവരിയില്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാതലവന്മാരുടെ സമ്മേളനം അദ്ദേഹം വിളിച്ചുകൂട്ടി. പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ ഒരു സംഘം ഇതില്‍ പങ്കെടുത്തു. 1974ല്‍ ചക്രവര്‍ത്തി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും തുടര്‍ന്ന് വധിക്കപ്പെടുകയും ചെയ്തു.
ഇതോടെ ഔദ്യോഗികമതമെന്ന സ്ഥാനം സഭയ്ക്ക് നഷ്ടപ്പെടുകയും സഭയും രാജ്യവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. തുടര്‍ന്നു വന്ന കമ്യൂണിസ്റ് ഗവണ്‍മെന്റ് 1976ല്‍ ആബൂനാ തെയോഫിലോസ് പാത്രിയര്‍ക്കീസിനെയും സ്ഥാനഭ്രഷ്ടനാക്കി; തടവിലാക്കപ്പെട്ട അദ്ദേഹം 1979ല്‍ വധിക്കപ്പെട്ടു. ഇതിനിടെ ആബൂനാ തെക്ളേഹൈമനോത് പാത്രിയര്‍ക്കീസായി (1976-1988). മുന്‍ഗാമി ജീവിച്ചിരിക്കുമ്പോള്‍ തന്നെ വാഴിക്കപ്പെട്ടതിനാല്‍ കോപ്റ്റിക് സഭ ഇദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ല. തെക്ളേഹൈമനോത്തിന്റെ കാലശേഷം ആബൂനാ മെര്‍ക്കോറിയോസ് 1988ല്‍ പാത്രിയര്‍ക്കീസായി.കമ്യൂണിസ്റ് ഗവണ്‍മെന്റിന്റെ തകര്‍ച്ചയെ തുടര്‍ന്ന് അവരുമായി സഹകരിച്ചതിന്റെ പേരില്‍ മെര്‍ക്കോറിയോസിനെ 1991-ല്‍ സുന്നഹദോസ് സ്ഥാനഭ്രഷ്ടനാക്കി. ഒരു വിഘടിത വിഭാഗത്തിനു നേതൃത്വം നല്‍കിക്കൊണ്ട് അദ്ദേഹം രാജ്യത്തിനു പുറത്തു താമസിക്കുന്നു.
1992ല്‍ പാത്രിയര്‍ക്കീസായ ആബൂനാ പൌലോസ് 2012ല്‍ കാലം ചെയ്തു. 2013 മാര്‍ച്ച് 3നു് വാഴിയ്ക്കപ്പെട്ട ആബൂനാ മത്ഥിയാസ് പ്രഥമന്‍ സഭയ്ക്ക് നേതൃത്വം നല്‍കുന്നു. 'എത്യോപ്യയുടെ പാത്രിയര്‍ക്കീസും വി. തെക്ളേഹൈമനോത്തിന്റെ സിംഹാസനത്തിലെ എച്ചഗ്വേയും' എന്നാണ് അദ്ദേഹത്തിന്റെ സ്ഥാനനാമം. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് തെവാഹിദോ സഭയുടെ ആറാമത്തെ പാത്രിയര്‍ക്കീസും 63-ാമത്തെ എച്ചഗ്വേയുമാണ് അദ്ദേഹം. 'തെവാഹിദോ' എന്നതുകൊണ്ട് 'ഏക ഐക്യ സ്വഭാവം' എന്നാണ് ഉദ്ദേശിക്കുന്നത്.

പഴയ ഇറ്റാലിയന്‍ കോളനിയായ എറീട്രിയാ എത്യോപ്യയില്‍ നിന്ന് സ്വതന്ത്രമായതോടെ (1993) അവിടത്തെ ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന മാനിച്ച് കോപ്റ്റിക് പോപ്പ് ഷെനൌഡാ മൂന്നാമന്‍ എത്യോപ്യന്‍ സഭയില്‍ നിന്ന് എറീട്രിയായിലെ ഓര്‍ത്തഡോക്സ് സഭയെ സ്വതന്ത്രമാക്കുകയും അവര്‍ക്ക് പുതിയതായി അഞ്ച് ബിഷപ്പുമാരെ വാഴിക്കുകയും ചെയ്തു. അവരുടെ തലവനായ ആബാ ഫീലിപ്പോസിനെ 1998 മേയ് എട്ടിന് എറീട്രിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒന്നാമത്തെ പാത്രിയര്‍ക്കീസായി പോപ്പ് ഷെനൌഡാ മൂന്നാമന്‍ വാഴിച്ചു. അദ്ദേഹത്തെ തുടര്‍ന്ന് ആബൂനാ യാക്കോബ് പാത്രിയര്‍ക്കീസായി (2002-2003). തുടര്‍ന്ന് 2004ല്‍ ആബൂനാ അന്തോനിയോസ് പാത്രിയര്‍ക്കീസായി. ആബൂനാ അന്തോനിയോസിനെ 2005ല്‍ സര്‍ക്കാര്‍ സ്ഥാനഭ്രഷ്ടനാക്കുകയും തടവിലാക്കുകയും ചെയ്തു. സര്‍ക്കാര്‍ സ്വാധീനത്തില്‍ സുന്നഹദോസ് 2007ല്‍ ആബൂനാ ദീയസ്കോറോസിനെ എതിര്‍ പാത്രിയര്‍ക്കീസാക്കിയെങ്കിലും മറ്റ് ഓര്‍ത്തഡോക്സ് സഭകള്‍ ഇത് അംഗീകരിക്കുന്നില്ല. തലസ്ഥാനമായ അസ്മാറയാണ് സഭയുടെ ആസ്ഥാനം. എറീട്രിയായിലെ ജനങ്ങളില്‍ മൂന്നിലൊന്ന് ഭാഗം (16 ലക്ഷം) സഭാവിശ്വാസികളാണ്.

ചുരുക്കത്തില്‍ കോപ്റ്റിക് പാത്രിയര്‍ക്കീസിന്റെ (പോപ്പ്) പ്രഥമ സ്ഥാനം (പ്രൈമസി) അംഗീകരിച്ചുകൊണ്ടുതന്നെ കോപ്റ്റിക് സഭ എത്യോപ്യന്‍ സഭയ്ക്കും ഇരുസഭകളും ചേര്‍ന്ന് എറീട്രിയന്‍ സഭയ്ക്കും ഘട്ടംഘട്ടമായി സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. കോപ്റ്റിക്-എത്യോപ്യന്‍ സഭകള്‍ തമ്മിലുള്ള ബന്ധം കഴിഞ്ഞ 30 വര്‍ഷമായി അത്ര നല്ല നിലയിലായിരുന്നില്ല. 2007ല്‍ സഭാതലവന്മാര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലൂടെ ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്.
എത്യോപ്യന്‍ ആരാധനക്രമം അലക്സന്ത്രിയന്‍ (കോപ്റ്റിക്) ആരാധനാക്രമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്; സുറിയാനി സ്വാധീനവുമുണ്ട്. ആരാധനഭാഷ മുമ്പ് ഗീസും ഇപ്പോള്‍ അംഹാറിക്കുമാണ്. ജൂലിയന്‍ കലണ്ടര്‍ അടിസ്ഥാനമാക്കിയാണ് വിശേഷദിവസങ്ങള്‍ ആചരിക്കുന്നത്. അതുകൊണ്ട് ക്രിസ്മസ് ജനുവരി ഏഴിനും ഈസ്റര്‍ മിക്ക വര്‍ഷങ്ങളിലും വൈകിയും ആഘോഷിക്കുന്നു. വര്‍ഷത്തില്‍ 250 ദിവസം നോമ്പു ദിനങ്ങളാണ്. അവയില്‍ 180 ദിവസം എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. ശേഷിച്ചവ വൈദികര്‍ക്കും സന്യാസികള്‍ക്കും മാത്രമേ ബാധകമായിട്ടുള്ളൂ.
എത്യോപ്യന്‍ സഭയില്‍ പല യഹൂദാചാരങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ സഭയിലെ പുരുഷന്മാര്‍ പരിഛേദന ഏല്‍ക്കുന്നവരാണ്. ഒരുകാലത്ത് യഹൂദമതം ഇവിടെ ശക്തമായിരുന്നതാണ് കാരണം. നിയമപ്പെട്ടകം (പുറപ്പാട് 25 : 10 - 22) തങ്ങളുടെ കൈവശമുള്ളതായി എത്യോപ്യന്‍ സഭ അവകാശപ്പെടുന്നു.
എത്യോപ്യന്‍ സഭ മലങ്കരസഭയുമായി വി. കുര്‍ബാന സംസര്‍ഗവും ഉറ്റ ബന്ധവും പുലര്‍ത്തുന്നു. തൃപ്പൂണി ത്തുറ തടീക്കല്‍ പോള്‍ വര്‍ഗീസ് (പിന്നീട് ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ) ഹെയ്ലിസെലാസി ചക്രവര്‍ത്തിയുടെ മുഖ്യ ഉപദേശകനായിരുന്നു. മലങ്കരസഭയിലെ വൈദികര്‍ സെമിനാരി അധ്യാപകരായി പ്രവര്‍ത്തിച്ചു വരുന്നു. മലങ്കരസഭാംഗങ്ങളില്‍ പലരും സ്കൂള്‍-കോളേജ് അധ്യാപകരായും പ്രവര്‍ത്തിക്കുന്നുണ്ട്.
വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ