ആകമാന സഭാനിലപാടുകള്‍

20130309

മലങ്കര-എത്യോപ്യന്‍ സഭകള്‍ : ഡോ. എം. കുര്യന്‍ തോമസ്, വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ


ഓറിയന്റെല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ പെടുന്ന മലങ്കരസഭയുടെയും എത്യോപ്യന്‍ സഭയുടെയും ചരിത്രം പരിശേധിച്ചാല്‍ ഒട്ടേറെ സമാനതകള്‍ കണ്ടെത്താനാകും.
ഇരുസഭകള്‍ക്കും അപ്പോസ്തോലിക കാലത്തോളം പാരമ്പര്യമുണ്ട്. മലങ്കരസഭയുടെ സ്ഥാപകന്‍ വി. മാര്‍ത്തോമാ ശ്ളീഹയാണ്. വി. മത്തായി ശ്ളീഹാ എതോപ്യ സന്ദര്‍ശിച്ചതായിട്ടാണ് എതോപ്യന്‍ സഭയുടെ പാരമ്പര്യം. വി. ഫിലിപ്പോസ് ശെമ്മാശനെയും (അപ്പോ. പ്രവ്യത്തികള്‍ 8: 26 - 40) എതോപ്യന്‍ സഭയുടെ സ്ഥാപകനായി വിശേഷിപ്പിക്കാറുണ്ട്. ഇരു സഭകളുടെയും നാലാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിലെ ചരിത്രം ഇരുളടഞ്ഞതാണ്.
പഴയ റോമാ സാമ്രാജ്യത്തിനു പുറത്ത് പ്രത്യക്ഷമായോ പരോക്ഷമായോ പാശ്ചത്യ സ്വാധീനം ഇല്ലാതെ വളര്‍ന്ന രണ്ടേരണ്ട് സഭകളാണിവ. ഇരു സഭകളും തങ്ങളുടെ പ്രാദേശിക സംസ്ക്കാരങ്ങളും പാരമ്പര്യങ്ങളും മുറുകെപിടിക്കുന്ന ദേശിയ സഭകളാണ്.
നാലാം നൂറ്റാണ്ടില്‍ മലങ്കരസഭ പേര്‍ഷ്യന്‍ സഭയുമായി ബന്ധപ്പെട്ടു ഇതേകാലത്ത് എത്യോപ്യന്‍ സഭ, കോപ്ടിക് സഭയുടെ പുത്രിസഭയായിത്തീര്‍ന്നു. എതോപ്യന്‍ സഭയുടെ ഔദ്യോഗിക തുടക്കം തന്നെ ഇങ്ങനെയായിരുന്നുവെന്നാണ് ചില സഭാചരിത്രകാരന്മാരുടെ കണ്ടെത്തല്‍.
അലക്സാന്ത്രിയായിലെ കോപ്ടിക് പാത്രിയര്‍ക്കീസുമാര്‍ (പോപ്പ്) വാഴിച്ചയയ്ക്കുന്ന മെത്രാന്മാരാണ് (ആബൂനാ) എതോപ്യന്‍ സഭയ്ക്ക് ആത്മിയ നേതൃത്വം നല്‍കി വന്നിരുന്നത്.. ഇവര്‍ എപ്പോഴും ഈജിപ്റ്റുകാരായ കോപ്ടിക് സഭാംഗങ്ങളായിരുന്നു. അതേ സ്ഥാനത്ത് സെലൂഷ്യായിലെ കാതോലിക്കാമാര്‍ (ബാബിലോണിയാ പാത്രിയര്‍ക്കീസ്) വാഴിച്ചയയ്ക്കുന്ന മെത്രാന്മാരാണ് മലങ്കരസഭയ്ക്ക് ആത്മിയ നേതൃത്വം നല്‍കി വരുന്നത്. ഇവര്‍ എപ്പോഴും പേര്‍ഷ്യന്‍ വംശജരായ പൌരസ്ത്യ സുറിയാനി സഭാംഗങ്ങളായിരുന്നു.
ഇതു കൂടാതെ 13-ാം നൂറ്റാണ്ടു മുതല്‍ തദ്ദേശിയരായ എച്ചഗ്വേ മാര്‍ (ആര്‍ച്ച് പ്രീസ്റ്) എതോപ്യന്‍ സഭയ്ക്ക് ഭരണനേതൃത്വം നല്‍കിവന്നു. പതിനാറാം നൂറ്റാണ്ടുവരെ മലങ്കരസഭയിലുണ്ടായിരുന്ന അര്‍ക്കദ്യാക്കോന്‍ പദവിക്ക് സമാനമാണ് കോപ്ടിക് ബിഷപ്പിന് കീഴിലുണ്ടായി ‘എച്ചഗ്വേ’ പദവി. മലങ്കരയിലെ അര്‍ക്കദ്യാക്കോന്‍ കല്‍ദായ പാരമ്പര്യ പ്രകാരം വൈദികരിലെ പരമോന്നത സ്ഥാനിയാണ്.
എതോപ്യ, പോര്‍ച്ചുഗീസ് ബന്ധത്തിലായിരുന്ന കാലത്ത് (1543 - 1636) 10 വര്‍ഷക്കാലം (1626- 166) റോമാ സഭ എതോപ്യന്‍ സഭയെ കീഴിലാക്കി. ഇതേകാലത്തു തന്നെയാണ് (1599-1653) മലങ്കരസഭയെ റോമാസഭ കീഴിലാക്കിയത്. എതോപ്യന്‍ ഭരണാധികാരികള്‍ റോമന്‍ കത്തോലിക്ക പുരോഹിതരെ പുറത്താക്കി സ്വാതന്ത്യം പ്രാപിച്ചു. സിവില്‍ ഭരണാധികാരമില്ലാതിരുന്ന മലങ്കരസഭ 1653 ലെ മഹത്തായ കൂനന്‍ കുരിശ് വിപ്ളവത്തിലൂടെ സ്വയം സ്വാതന്ത്യപ്രഖ്യാപനം നടത്തി.
ഇറ്റാലിയന്‍ അധിനിവേശകാലത്ത് (1935-1941) എതോപ്യന്‍ സഭയില്‍നിന്ന് കുറേപ്പേരെ റോമാ സഭയില്‍ ചേര്‍ത്ത് എതോപ്യന്‍ കത്തോലിക്കാ റീത്തുണ്ടാക്കി. അതുപോലെ മലങ്കരസഭയില്‍ നിന്ന് അടര്‍ത്തിയെടുത്ത അതിന്യൂനപക്ഷത്തെ ചേര്‍ത്ത് 1930 ല്‍ സീറോ മലങ്കര റീത്തും രൂപീകരിച്ചു. പാശ്ചത്യ മിഷനറിമാര്‍ വിതച്ച വേദവിപരീതങ്ങള്‍എതോപ്യയിലും മലങ്കരയിലും 19, 20 നൂറ്റാണ്ടുകളില്‍ നില നിന്നിരുന്നു.
മലങ്കര- അന്ത്യോഖ്യന്‍ ബന്ധത്തിന് 1665 ല്‍ തുടക്കം കുറിച്ചെങ്കിലും 1876 ലെ മുളന്തുരുത്തി സുന്നഹദോസിലാണ് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ ആത്മിയ മേലധികാരം മലങ്കരസഭ ഔദ്യോഗികമായി അംഗീകരിച്ചത്. എങ്കിലും മലങ്കരസഭയുടെ ആത്മിയവും ലൌകീകവുമായ പൂര്‍ണ്ണ ഭരണാധികാരം വി. മാര്‍ത്തോമാ ശ്ളീഹായുടെ സിംഹാസനത്തില്‍ ആരൂഢനായ തദ്ദേശിയനായ മലങ്കര മെത്രാപ്പോലീത്തായില്‍ നിക്ഷിപ്തമായിരുന്നു.
അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ സഹകരണത്തോടെ മ ലങ്കര സുന്നഹദോസ് 1912 ല്‍ വി. മാര്‍ത്തോമാ ശ്വലീഹായുടെ സിംഹാസനത്തില്‍ പൌരസ്ത്യ കാതോലിക്കായെ വാഴിച്ചതോടെ മലങ്കര സഭ പൂര്‍ണ്ണസ്വാതന്ത്യവും സ്വയം ശീര്‍ഷകത്വവും കവരിച്ചു. കോപ്ടിക് പാത്രിയര്‍ക്കീസ് , 1951 ല്‍ എതോപ്യാക്കാരനായ ആബനായെ വാഴിച്ചതോടെ സ്വയം ഭരണാവകാശവും 1956 ല്‍ പാത്രിയര്‍ക്കീസിനെ വാഴിച്ചതോടെ സ്വയം ശീര്‍ഷകത്വവും എതോപ്യന്‍ സഭ കൈവരിച്ചു.
വിശ്വാസികളുടെ എണ്ണത്തിന്റെ കാര്യത്തിലും ചില സമാനതകളുണ്ട്. കോപ്ടിക് സഭയുടെ അഞ്ചുമടങ്ങിലധികമാണ് എതോപ്യന്‍ സഭയുടെ അംഗസംഖ്യ. അതുപോലെ അന്ത്യോഖ്യന്‍ സഭയുടെ അഞ്ച് മടങ്ങിലധികമാണ് മലങ്കരസഭയുടെ അംഗസംഖ്യ.
മലങ്കര - എതോപ്യന്‍ സഭാ തലവന്മാര്‍, സ്വതന്ത്ര പരമാധികാരികളായ കാതോലിക്കാ - പാത്രിയര്‍ക്കീസുമാരായിട്ടും തങ്ങളുടെ പുരാതന തദ്ദേശിയ സഭകളിലെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. മാര്‍ത്തോമാ ശ്ളീഹായുടെ സിംഹാസനത്തിലെ പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ‘എതോപ്യായുടെ പാത്രിയര്‍ക്കീസും വി. തെക്ളേഹൈമനോത്തിന്റെ സിംഹാസനത്തിലെ എച്ചഗ്വേയും ’ എന്നിങ്ങനെയാണ് യഥാക്രമം ഈ സഭാതലവന്മാരുടെ സ്ഥാനനാമങ്ങള്‍.
സ്വയം ശീര്‍ഷക സഭകളായ എതോപ്യന്‍ സഭയുടേയും എറിട്രിയന്‍ സഭയുടേയും പാത്രിയര്‍ക്കസ്മാര്‍ അലക്സാന്ത്രിയായിലെ കോപ്ടിക് പാത്രിയര്‍ക്കീസിന് (പോപ്പ്) ‘ സമന്മാരില്‍ മുമ്പന്‍ ’ എന്ന സ്ഥാനം നല്‍കിയിരിക്കുന്നു. എന്നാല്‍ കോപ്ടിക് പോപ്പിന് ഈ സഭകളുടെമേല്‍ മേല്‍ക്കോയ്മ ഇല്ലതാനും. മലങ്കര സഭാഭരണഘടന (1934) പ്രകാരം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് ‘ സമന്മാരില്‍ മുമ്പന്‍ ’ എന്ന സ്ഥാനം നല്‍കിയിട്ടുണ്ട്. ഇതിലുപരി തനിക്ക് പരമാധികാരമുണ്ടെന്ന് അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് അവകാശപ്പെടുന്നതും മലങ്കരയിലെ ഒരു ന്യൂനപക്ഷം അതിനെ പിന്തുണയ്ക്കുന്നതുമാണ് മലങ്കരസഭയിലെ പ്രശ്നത്തിന്റെ അടിസ്ഥാനകാരണം. മലങ്കരസഭയുടെ ചരിത്രവും ക്രൈസ്തവലോകത്തിന്റെ ഇന്നത്തെ അവസ്ഥയും യഥാര്‍ത്ഥമായി മനസ്സിലാക്കിയാല്‍ ഇതിലെ യുക്തിരാഹിത്യം മനസ്സിലാകും. അ ന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ പരമാധികാരിയായി അംഗീകരിക്കുന്ന മലങ്കരയിലെ വിഘടിതവിഭാഗത്തിന് - അവര്‍ യഥാര്‍ത്ഥ അന്ത്യോഖ്യന്‍ സഭാംഗങ്ങളേക്കാള്‍ കൂടുതലാണെങ്കിലും - അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ തെരെഞ്ഞെടുപ്പില്‍ യാതൊരു പങ്കാളിത്തവുമില്ല.
(കണ്ടനാട് ഡയോസീഷന്‍ ബുള്ളറ്റിന്‍ - മാര്‍ച്ച്, 2009)
catholicatenews


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ