ആകമാന സഭാനിലപാടുകള്‍

20130330

പീഡിതരുടെ കഷ്‌ടപ്പാടില്‍ പങ്കാളിയാകുക: റോമാ മാര്‍പാപ്പ


വത്തിക്കാന്‍ നഗരം, മാര്‍ച്ച് 29: പാവങ്ങളെയും കഷ്‌ടപ്പെടുന്നവരെയും സഹായിക്കാന്‍ പുരോഹിതന്മാരെ റോമായുടെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ആഹ്വാനം ചെയ്‌തു. സഭാശ്രേണിയിലെ ഉയര്‍ച്ചയില്‍ മാത്രം ശ്രദ്ധിച്ചു സഭാപ്രവര്‍ത്തനങ്ങളുടെ മാനേജര്‍മാരായിരിക്കാതെ പുറത്തുപോയി പീഡിതരുടെ കഷ്‌ടപ്പാടില്‍ പങ്കാളിയാകാന്‍ പെസഹാവ്യാഴ ശുശ്രൂഷകളില്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ പ്രസംഗിക്കവേ മാര്‍പാപ്പ ആവശ്യപ്പെട്ടു.

റോമിനു പുറത്തുള്ള ഒരു ജയിലിലെ 12 ചെറുപ്പക്കാരുടെ കാല്‍കഴുകി ചുംബിച്ചാണു മാര്‍പാപ്പ കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ചത്‌. പതിവിനു വിരുദ്ധമായി റോമിനു പുറത്ത്‌ വടക്കു പടിഞ്ഞാറന്‍ റോമിലെ ബാലതടവുകാരെ പാര്‍പ്പിച്ചിരിയ്ക്കുന്ന കാസല്‍ ഡെല്‍ മര്‍മോ ജയിലില്‍ ആണു് പെസഹാ ദിനത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയതു്. 14-നും 21-നും ഇടയിലുള്ള കുറ്റം ചെയ്‌ത്‌ ജയിലില്‍ കഴിയുന്ന കുറ്റവാളികളായ ചെറുപ്പക്കാരെയാണ്‌ കാല്‍കഴുകല്‍ ശുശ്രൂഷയ്‌ക്കായി തിരഞ്ഞെടുത്തത്‌. സാധാരണ വത്തിക്കാനിലോ റോമിലെ ഏതെങ്കിലും ബസിലിക്കയിലോ ആയിരുന്നു മുന്‍ഗാമികള്‍ ശുശ്രൂഷ നടത്തിവന്നത്‌.

പാരമ്പര്യങ്ങള്‍ മാറ്റിവച്ച്‌ റോമാ മാര്‍ പാപ്പ സ്ത്രീകളുടെയും കാല്‍കഴുകി ചുംബിച്ചു

പെസഹ വ്യാഴത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകളില്‍ ആചാരങ്ങളെയും പാരമ്പര്യങ്ങളെയുമൊക്കെ മറികടന്ന്‌ പുതിയ റോമാ മാര്‍പാപ്പ പെസഹാ നാളില്‍ രണ്ടു യുവതികളടക്കമുള്ളവടെ കാല്‍കഴുകി ചുംബിച്ചു. റോമിലെ കാസല്‍ മര്‍മോ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ (ജുവനൈല്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍) കഴിയുന്ന14 മുതല്‍ 21 വയസ് പ്രായമുള്ളവരുടെ കാലുകളാണ് ചടങ്ങുകളുടെ ഭാഗമായി അദ്ദേഹം കഴുകുകയും ചുംബിക്കുകയും ചെയ്തത്, ഇക്കൂട്ടത്തില്‍ രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. സ്ത്രീകളില്‍ ഒരാള്‍ സെര്‍ബിയന്‍ മുസ്ലീം തടവുകാരിയും, രണ്ടാമത്തെ യുവതി ഇറ്റാലിയന്‍ കത്തോലിക്കാ വിശ്വാസിയുമായിരുന്നു. സെര്‍ബിയന്‍ മുസ് ലിം തടവുകാരിയുടെ കാല്‍ കഴുകി ചുംബിച്ചു.

ഇതിനു മുന്‍പ് മാര്‍പാപ്പമാര്‍ വനിതകളുടെ കാല്‍ കഴുകി ചുംബിയ്ക്കാറില്ല.റോമന്‍ കത്തോലിക്കാ ചരിത്രത്തില്‍ ആദ്യമായാണ് ഈ സംഭവമെന്നു് വത്തിക്കാന്‍ അറിയിച്ചു. പന്ത്രണ്ടു് ശിഷ്യന്‍മാര്‍ക്കു് ക്രിസ്തു കാല്‍ കഴുകി കൊടുത്തിന്റെ സ്മരണയ്ക്കാണ് ഈ ചടങ്ങ് നടത്തുന്നത്. ശിഷ്യ ഗണത്തില്‍ സ്ത്രീകള്‍ ഇല്ലാതിരുന്നതിനാല്‍ ഇവരെ ഉള്‍പ്പെടുത്തുക പതിവുണ്ടായിരുന്നില്ല. ഇതിനാണ് ഇപ്പോള്‍ പുതിയ പാപ്പ മാറ്റം വരുത്തിയിരിക്കുന്നത്.

ഇതൊരു അടയാളമാണ്, കാല്‍ കഴുകുന്നതിലൂടെ നിങ്ങളുടെ സേവകനാണ് ഞാന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്- ദുര്‍ഗുണ പരിഹാര പാഠശാലയിലെ അന്തേവാസികളോട് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാനാണ് യേശു ഈ പ്രവൃത്തിയിലൂടെ നമ്മെ പഠിപ്പിച്ചത്. ഞാന്‍ അതാണ് ചെയ്യുന്നത്. ഞാന്‍ എന്റെ ഹൃദയത്തിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. കാരണം ഇത് എന്റെ ഉത്തരവാദിത്വമാണ്. ബിഷപ്പ്, പുരോഹിതന്‍ എന്നീ നിലയില്‍ ഉള്ള തന്റെ കര്‍ത്തവ്യമാണ് - അദ്ദേഹം പറഞ്ഞു. 76-കാരനായ പാപ്പ തറയില്‍ മുട്ടുകുത്തി വെള്ളി മൊന്തയില്‍ നിന്നും വെള്ളം എടുത്ത്‌ സ്‌ത്രീയും പുരുഷനും കറുത്തവരും വെളുത്തവരും ഉള്‍പ്പെടുന്ന 12 പേരുടെ കാലുകള്‍ കഴുകി തുടച്ചശേഷം മുട്ടില്‍ നിന്ന്‌ അവരുടെ കാലുകള്‍ ചുംബിച്ച വീഡിയോ വത്തിക്കാന്‍ പുറത്തിറക്കി.

കത്തോലിക്കാ സഭ പാവങ്ങള്‍ക്കൊപ്പമായിരിക്കണമെന്നും ആര്‍ഭാഡങ്ങള്‍ അധികം പാടില്ലെന്നതുമുള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ നേരത്തേ തന്നെ പോപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചുകൊണ്ട് കാല്‍കഴുകല്‍ ശുശ്രൂഷകള്‍ കൂടി ചെയ്തതോടെ യാഥാസ്ഥിതികരായ പുരോഹിതര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ ലോകത്താകമാനം അദ്ദേഹത്തിന്റെ രീതികള്‍ക്ക് വലിയ സ്വീകാര്യതയും ലഭിയ്ക്കുന്നുണ്ട്.വന്‍പ്രാധാന്യത്തോടെയാണ് പാപ്പയുടെ കാല്‍കഴുകല്‍ വാര്‍ത്ത് ലോകത്താകമാനം പ്രചരിക്കുന്നത്. വിവിധ മതത്തില്‍പ്പെട്ടവരെയും സ്‌ത്രീകളെയും കാല്‍ കഴുകല്‍ ശുശ്രൂഷയ്‌ക്ക്‌ തിരഞ്ഞെടുത്തതില്‍ കടുത്ത വിമര്‍ശനം നടക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഈ നടപടിയെ ഒരു വിഭാഗം സ്വാഗതം ചെയ്യുന്നുമുണ്ട്‌.

അര്‍ജന്റീനയിലെ ബ്യൂനസ്‌ ഐറിസില്‍ ആര്‍ച്ച്‌ ബിഷപ്പായിരിക്കുമ്പോഴും പെസഹ ശുശ്രൂഷയ്‌ക്ക്‌ അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്‌ ജയിലോ ആശുപത്രിയോ വൃദ്ധഭവനമോ ആയിരുന്നു. ക്രൂശുമരണത്തിനു മുമ്പ്‌ അന്ത്യഅത്താഴ വേളയില്‍ യേശുക്രിസ്‌തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മ പുതുക്കുന്നതാണ്‌ കാല്‍കഴുകല്‍ ശുശ്രൂഷ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ