ആകമാന സഭാനിലപാടുകള്‍

20130329

കാര്‍മികനും വിശ്വാസികളും ആരാധനയെ അനുഭവമാക്കണം: പൗരസ്ത്യ ബാവാ


കോട്ടയം: യേശുവിന്റെ ജീവിതത്തിന്റെയും സന്ദേശത്തിന്റെയും സജീവമായ പുനരാവിഷ്ക്കാരമായ ആരാധനയില്‍ കാര്‍മികനും വിശ്വാസികളും അനുഭവമുള്ളവരായി തീരണമെന്ന് ആകമാന ഓര്‍ത്തഡോക്സ് പൗരസ്ത്യ സുറിയാനി സഭയുടെ പരമാചാര്യനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ പ്രസ്താവിച്ചു. 2013 മാര്‍ച്ച് 28നു് പെസഹാ വ്യാഴാഴ്ച കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ പ്രസംഗിക്കുകയായിരുന്നു ബാവാ.
അടിമ ഉടമയുടെ കാല്‍ കഴുകിയിരുന്ന പതിവിന് വിരുദ്ധമായി ഗുരു ശിഷ്യന്മാരുടെ കാല്‍ കഴുകി വിയനത്തിന്റെ പാഠം പകര്‍ന്നു. കൌമാര പ്രായത്തില്‍ കഴുകപ്പെടാന്‍ ആത്മീയ ഗുരുവായ പൌലോസ് മാര്‍ സേവേറിയോസ് തിരുമേനി നടത്തിയ കാല്‍കഴുകല്‍, ശുശ്രൂഷാ വേളയില്‍ ലഭിച്ച വിളി സ്മരിക്കാറുള്ള പരിശുദ്ധ കാതോലിക്കാ ബാവാ ഒരു വൈദീകനും 11 കുട്ടികളും അടങ്ങുന്ന ശിഷ്യന്മാരുടെ കാല്‍ കഴുകി. ഫാ. ഡോ.എം.പി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ വൈദീക സെമിനാരി ഗായകസംഘം ഗാനം ആലപിച്ചു.

യേശുക്രിസ്തു കുരിശു മരണത്തിന് തലേദിവസം ശിഷ്യന്മാരോടൊപ്പം മര്‍ക്കോസിന്റെ മാളികയില്‍ അന്ത്യഅത്താഴം കഴിക്കുന്നതിന് മുന്‍പ് വിനയത്തിന്റെയും, ലാളിത്യത്തിന്റെയും പ്രതീകമായി ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ അനുസ്മരണമായിട്ടാണ് അപ്പോസ്തോല പിന്‍ഗാമികള്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്.
പൗരസ്ത്യ ബാവായുടെ കാല്‍കഴുകല്‍ ശുശ്രൂഷ ഗുരു സ്മരണയില്‍

പെസഹാ വ്യാഴാഴ്ച്ചയായ 2013 മാര്‍ച്ച് 28-ന് ഉച്ചകഴിഞ്ഞ് 2.30-ന് അപൂര്‍വമായ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കാണ് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ സാക്ഷ്യം വഹിച്ചത്. പതിവിനു് വിരുദ്ധമായി വൈദികര്‍ക്കു് പകരം ഇടവകയിലെ 11 ബാലന്മാരുടെ കാലുകള്‍ കഴുകിയാണു് ആകമാന ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാചാര്യന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ ശുശ്രൂഷ നിര്‍വഹിച്ചത്.
പരിശുദ്ധ ബാവാ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് ഒരു വൈദികനൊപ്പം 11 ബാലന്മാരെ കാല്‍കഴുകലിനു തിരഞ്ഞെടുത്തത്. ഇതിനു പിന്നില്‍ തന്നെ ആത്മീയ ജീവിതത്തോട് അടുപ്പിച്ച കഥ ബാവായ്ക്ക് പറയാനുണ്ട്. “എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ആ അനുഭവം. ആ വര്‍ഷം ഇടവകയായ പഴഞ്ഞി പള്ളിയില്‍ ഹാശാ ആഴ്ചയിലെ നടത്തിയത് പൌലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയാണ്. പെസഹാ വ്യാഴം വന്നു. രാവിലെ കുര്‍ബ്ബാനയ്ക്കുശേഷം കാല്‍കഴുകല്‍ ശുശ്രൂഷയുടെ ഒരുക്കം തുടങ്ങി. കാല്‍കഴുകാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക തയാറാക്കാന്‍ തുടങ്ങി. ഞാനും പള്ളിയില്‍ ഹാജരുണ്ട്. വൈദികര്‍ ധാരാളം സന്നിഹിതരാണ്. സ്ളീഹന്മാര്‍ 12 പേരുടെ കാലുകള്‍ കഴുകണമെന്നു മാര്‍ സേവേറിയോസ് തിരുമേനി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒപ്പം ഒരു കാര്യംകൂടി പറഞ്ഞു. വൈദികര്‍ക്കൊപ്പം കുറച്ച് കൊച്ചുകാലുകളും കഴുകാന്‍ ഇരുത്തണം, അതില്‍ ഒരാള്‍ ഇവനായിരിക്കണമെന്ന് എന്നെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഞാന്‍ ആനന്ദം കൊണ്ട് തുള്ളിച്ചാടി. അങ്ങനെ സേവേറിയോസ് തിരുമേനി എന്റെയും കൂടി കാല്‍കഴുകി ശുശ്രൂഷ നിര്‍വഹിച്ചു. അതെനിക്കൊരു പ്രോത്സാഹനമായിരുന്നു. എന്നെ ഇവിടെവരെ എത്തിച്ച പ്രോല്‍സാഹനം’- ബാവാ പറഞ്ഞു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ