ആകമാന സഭാനിലപാടുകള്‍

20130304

എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മത്ഥിയാസ് പ്രഥമന്‍ സ്ഥാനാരോഹണം ചെയ്തു


ആഡിസ് അബാബാ, മാര്‍ച്ച് 3 ഞായര്‍ : ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ ഏറ്റവും വലുതും അഞ്ചുകോടി അംഗസംഖ്യയുള്ളതുമായ എത്യോപ്യന്‍ സഭയുടെ തലവനായി ആബൂനാ മത്ഥിയാസ് സ്ഥാനാരോഹണം ചെയ്തു. എത്യോപ്യയുടെ 6-ആമത്തെ പാത്രിയര്‍ക്കീസും വിശുദ്ധ തെക്ളേഹൈമനോത്തിന്റ സിംഹാസനത്തിലെ 63-ആമത്തെ എച്ചഗ്വേയുമാണ് പരിശുദ്ധ ആബൂനാ മര്‍ത്ഥിയാസ്. ആഡിസ് അബാബാ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ മാര്‍ച്ച് 3 ഞായറാഴ്ച നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ ആക്ടിംഗ് പാത്രിയര്‍ക്കീസ് ആബൂനാ നാഥാനിയേല്‍ പ്രധാന കാര്‍മ്മികനായിരുന്നു. വ്യാഴാഴ്ച 806 സഭാപ്രതിനിധികള്‍ ചേര്‍ന്ന് 5 സ്ഥാനാര്‍ത്ഥികളില്‍ നിന്ന് വോട്ടെടുപ്പിലൂടെയാണ് പുതിയ പാത്രിയര്‍ക്കീസിനെ തെരെഞ്ഞെടുത്തത്. 1941ല്‍ ജനിച്ച ഇദ്ദേഹം 1978ല്‍ മെത്രാനായി. ജറുസലേമിലും അമേരിക്കയിലും ആര്‍ച്ച്ബിഷപ്പായി പ്രവര്‍ത്തിച്ചു.

1951 വരെ കോപ്റ്റിക് പോപ്പിന് കീഴിലായിരുന്ന ഈ പുരാതന സഭ 1951-ല്‍ സ്വയം ഭരണാവകാശവും 1959-ല്‍ പൂര്‍ണ്ണ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും കൈവരിച്ചു.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും ഉന്നത തല പ്രതിനിധി സംഘവും സ്ഥാനാരോഹണ ശുശ്രൂഷയില്‍ സംബന്ധിച്ചു. റോമന്‍ കത്തോലിക്കാ സഭയുടെ പ്രതിനിധിയായി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് പാനികുളം പങ്കെടുത്തു. വിവിധ സഭാ പിതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍ രാവിലെ 4 മണിക്ക് ശുശ്രൂഷ ആരംഭിച്ചു. സുദീര്‍ഘമായ ശുശ്രൂഷയിലും വി. കുര്‍ബ്ബാനയിലും പരിശുദ്ധ കാതോലിക്കാ ബാവാ കാര്‍മ്മികനായി പങ്കെടുക്കുകയും സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ശേഷം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ആദ്യ അനുമോദന പ്രസംഗം നടത്തുകയും ചെയ്തു. എത്യോപ്യയും ഭാരതവും തമ്മിലും ഇരു രാജ്യങ്ങളിലെയും ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലും നിലനിന്ന സൌഹൃദത്തെക്കുറിച്ചും ഇക്കാര്യത്തില്‍ ഹെയ്ലി സെലാസി ചക്രവര്‍ത്തിയും അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസും വേദശാസ്ത്ര അദ്ധ്യാപകനായിരുന്ന ഫാ. ഡോ. വി. സി. ശാമുവേലും നല്‍കിയ നേതൃത്വത്തെക്കുറിച്ചും പരിശുദ്ധ ബാവാ പ്രസംഗത്തില്‍ അനുസ്മരിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവായെ സ്റേറ്റ് ഗസ്റ്റ് ആയി എത്യോപ്യന്‍ ഗവണ്‍മെന്റ് ആദരിച്ചു. ആക്ടിംഗ് പാത്രിയര്‍ക്കീസ് ആബൂനാ നാഥാനിയേല്‍, എക്യുമെനിക്കല്‍ ഓഫീസര്‍ ആബൂനാ ഗരിമ, ഹോളിട്രിനിറ്റി സെമിനാരി പ്രൊഫസര്‍ ഫാ. ഡോ. ജോസി ജേക്കബ് മുളന്തുരുത്തി എന്നിവരുടെ നേതൃത്വത്തില്‍ ആഡിസ് അബാബാ എയര്‍പോര്‍ട്ടില്‍ മലങ്കര സംഘത്തിന് സ്വീകരണം നല്‍കി. പരിശുദ്ധ കാതോലിക്കാ ബാവാ നിയുക്ത പാത്രിയര്‍ക്കീസിനെ സന്ദര്‍ശിച്ച് ആശംസകള്‍ അറിയിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്തു.

ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവടങ്ങളില്‍ ഉപരിപഠനം നടത്തുന്ന എത്യോപ്യന്‍ വിദ്യാര്‍ത്ഥികളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നടപടികള്‍ കൈക്കൊള്ളുമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ വാഗ്ദാനം ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ