കൊച്ചി,മാര്‍ച്ച് 9: അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഇന്ത്യയിലെ അതിരൂപതകളിലൊന്നായി 2002-ല്‍ സ്ഥാപിച്ച യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക മേധാവി ശ്രേഷ്ഠ തോമസ് മാര്‍ ബസേലിയോസും സഭയിലെ മെത്രാന്മാരും വൈദികരും മാര്‍ച്ച് 18 നു് സെക്രട്ടേറിയറ്റിനു് മുന്നില്‍ ഉപവസിക്കും. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പള്ളികളില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കു് ആരാധനാ സ്വാതന്ത്യം - കുര്‍ബാനനടത്താനുള്ള - അവകാശം നിഷേധിക്കുകയാണെന്നു് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സര്‍ക്കാരിന്റെ നിസംഗത സഹിച്ചു മുന്നോട്ടുപോകാന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കു് സാധിക്കുകയില്ല. ആലുവ തൃക്കുന്നത്ത് പളളിയിലും വെട്ടിത്തറ, മണ്ണത്തൂര്‍, മാമലശേരി, കണ്യാട്ടുനിരപ്പ്, ഞാറക്കാട് പളളികളിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി വൈദീകര്‍ക്കു് കുര്‍ബാനനടത്താനുള്ള അവകാശം നല്‍കുന്നില്ല. ഉപവാസ സമരത്തിനുശേഷവും സര്‍ക്കാരില്‍ നിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ അഖിലേന്ത്യാതലത്തില്‍ കോട്ടയത്തുവച്ചു് വിശ്വാസികളുടെ മഹാസമ്മേളനം സംഘടിപ്പിക്കും. സമ്മേളനത്തില്‍ ശ്രേഷ്ഠ തോമസ് മാര്‍ ബസേലിയോസ് സഭയുടെ നയം വ്യക്തമാക്കും.
കോതമംഗലം മെത്രാന് കുര്യാക്കോസ് മാര്‍ യൂസേബിയോസ്, തൃശൂര്‍ ഭദ്രാസനത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയും ചുമതല വഹിക്കുന്ന ഏലിയാസ് മാര്‍ അത്തനാഷ്യോസ്, സഭയുടെ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സെക്രട്ടറി ജോര്‍ജ് മാത്യു, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷാനു, വര്‍ക്കിങ് കമ്മറ്റിയംഗങ്ങളായ സാജു, രാജു, വാവച്ചന്, എബിന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മേഖലാതലത്തില്‍ അവകാശസംരക്ഷണറാലി
പിറവം,മാര്‍ച്ച് 14: സഭാതര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷ്പക്ഷതയ്ക്കെതിരെ എതിര് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാരുടെ പ്രതിഷേധം പ്രത്യക്ഷസമരമാകുന്നു. കോലഞ്ചേരി, മാമ്മലശ്ശേരി, വെട്ടിത്തറ, മണ്ണത്തൂര്‍, കണ്ണ്യാട്ടുനിരപ്പ്, ഞാറക്കാട്, മുളക്കുളം കോഴിപ്പിള്ളി, കായനാട് തുടങ്ങിയ ഓര്‍ത്തഡോക്സ് സുറിയാനിദേവാലയങ്ങളില്‍ ആരാധനാസ്വാതന്ത്ര്യം (കുര്‍ബാനനടത്താനുള്ള അവകാശം) വേണമെന്ന് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാരുടെ മെത്രാന്മാരായ കുര്യാക്കോസ് മാര്‍ യൗസേബിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തങ്ങള്‍ക്കനുകൂലമായി സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യക്ഷസമരത്തിന്റെ ആദ്യപടിയായി മേഖലാതലത്തില്‍ അവകാശസംരക്ഷണറാലികളും പ്രതിഷേധയോഗങ്ങളും നടത്തും.ആദ്യമേഖലാ സമ്മേളനം 17ന് പിറവത്ത് നടക്കും. ഞായറാഴ്ച വൈകിട്ട് 3. 30ന് എം. കെ. എം. സ്കൂള്‍ മൈതാനിയില്‍ നിന്നാരംഭിക്കുന്ന റാലി പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന വിശദീകരണയോഗം എതിര് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ശ്രേഷ്ഠ ശ്രേഷ്ഠ തോമസ് മാര്‍ ബസേലിയോസ് ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന് അധ്യക്ഷനാകും. പ്രാദേശികസുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. സഭയിലെ മെത്രാന്മാരും വൈദികരും യോഗത്തില്‍ പങ്കെടുക്കും. പിറവം മേഖലായോഗത്തിന് മുന്നോടിയായി 16ന് യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിളംബരജാഥയുണ്ട്. പിറവം മേഖലായോഗത്തെ തുടര്‍ന്ന് 18ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടക്കും.
വലിയനോമ്പ് കാലത്ത് തങ്ങളുടെ ഭക്തരെ പ്രവേശിപ്പിക്കാതെ പള്ളികള്‍ അടച്ചിടുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും സമയക്രമം നിശ്ചയിച്ചിട്ടായാലും പള്ളികള്‍ തുറന്ന് ആരാധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മെത്രാന്മാര് ആവശ്യപ്പെട്ടു.
പിറവംപള്ളി വിമത ട്രസ്റ്റി മത്തായി മണപ്പാട്ടും കശീശന്മാരായ പിറവംവലിയപള്ളി വിമതവൈദികന് സൈമണ്‍ ചെല്ലിക്കാട്ടില്‍ , എല്‍ദോസ് കക്കാടന്‍, വര്‍ഗീസ് പനിച്ചിയില്‍, ഷാനുപൗലോസ്, മാത്യൂസ് ഓമ്പാളയില്‍, സന്തോഷ് തെറ്റാലില്‍, ജോബിന്‍സ് ഇലഞ്ഞിമറ്റം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ആഭ്യന്തര പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് യാക്കോബായ വിഭാഗം നടത്തുന്നതെന്നു് ഓര്‍ത്തഡോക്സ് സഭ
കോട്ടയം, മാര്‍ച്ച് 14: ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് എതിര് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗക്കാര്‍ പുതിയ സമര മുറകള്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മലങ്കര ഓര്‍ത്തഡോക്സ് (യാക്കോബായ) സുറിയാനി സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്.
സഭയിലും സമൂഹത്തിലും ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ക്ക് ശാശ്വതവും നീതിപൂര്‍വ്വവുമായ പരിഹാരമാണ് വേണ്ടത്. അതിനായി നീതിന്യായ കോടതി വിധികള്‍ അനുസരിക്കുകയും ഇരുഭാഗക്കാരുടെയും സമ്മതപ്രകാരം സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥന്റെ തീരുമാനങ്ങള്‍ അംഗീകരിക്കുകയും വേണം.
ജനാധിപത്യ ഭരണസംവിധാനം നിലവിലുള്ള ഓര്‍ത്തഡോക്സ് സഭയുടെ ഘടകങ്ങളായ പള്ളികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സ്വയം തീരുമാനിച്ച് സഭയില്‍ നിന്ന് വിഘടിച്ച് പോയികഴിഞ്ഞ് സഭയുടെ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഉന്നയിക്കാനാവില്ല. ഏതെങ്കിലും സംഘടനയുടെ ഒരു ശാഖയ്ക്ക് വിഘടിച്ച് മാറാനും മാതൃസംഘടനയുടെ സ്ഥാപനങ്ങളില്‍ അവകാശം ഉന്നയിക്കുവാനും കഴിയുകയില്ലല്ലോ.
എതിര് യാക്കോബായ വിഭാഗം മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് ഓര്‍ത്തഡോക്സ് സഭയുടെ പള്ളികള്‍ പൂട്ടിച്ച്, നീതിനിഷേധിക്കുന്നു പീഡിപ്പിക്കുന്നു എന്ന് മുതല കണ്ണീര് ഒഴുക്കുന്നത് തന്ത്രത്തിന്റെ ഭാഗമാണ്.
നുണ പ്രചരണങ്ങള്‍ നടത്തി കേരള സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ എതിര് യാക്കോബായ വിഭാഗം ശ്രമിക്കുകയാണ്. പീഡാനുഭവ വാരത്തില്‍ മാത്രം ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കള്‍ പ്രശ്നങ്ങള്‍ക്ക് സ്ഥിരമായ പരിഹാരം ഉണ്ടാക്കി യഥാര്‍ത്ഥ അവകാശികള്‍ക്ക് ആരാധനാ സ്വാതന്ത്രം ഉറപ്പു വരുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കാതോലിക്കാസന വാര്‍ത്ത