ആകമാന സഭാനിലപാടുകള്‍

20141213

പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ചരമ സുവര്‍ണ്ണജൂബിലി ആഘോഷം ജനുവരി 4-ന് സമാപിക്കും


കോട്ടയം, ഡിസംബര്‍ 12 – മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയെ 34 വര്‍ഷം നയിച്ച ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവയുടെ ചരമ സുവര്‍ണജൂബിലി ആചരണം 2015 ജനുവരി 4-ന് സമാപിക്കും. ഒരു വര്‍ഷക്കാലമായി നടന്നു വന്ന ചരമ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി 2014 ഡിസംബര്‍ 16-ാം തീയതി കുറിച്ചി വലിയപള്ളിയില്‍വച്ച് അഖില മലങ്കര വൈദീക സമ്മേളനവും. 28-ാം തീയതി ഞായറാഴ്ച സഭയിലെ എല്ലാ പള്ളികളിലും പരിശുദ്ധ പിതാവിനെ അനുസ്മരിച്ചുകൊണ്ടുള്ള സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പത്രസമ്മേളനത്തില്‍ അറിയിച്ചു.

2015 ജനുവരി ഒന്ന് ഉച്ചകഴിഞ്ഞ് 2.30-ന് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ നിന്നും പട്ടത്വം, മാമോദീസാ, വിവാഹം എന്നി കൂദാശകള്‍ സ്വീകരിച്ചവരേയും, ആ കാലഘട്ടത്തില്‍ സഭയുടെയും സമൂഹത്തിന്റെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവരെയും ആദരിക്കുന്ന സ്മൃതി സംഗമം നടത്തുന്നതാണ്.
രണ്ടാം തീയതി ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കുറിച്ചി വലിയപള്ളിയില്‍ നിന്നും ആരംഭിക്കുന്ന തീര്‍ത്ഥയാത്ര ആറു മണിയ്ക്ക് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ എത്തിച്ചേരുന്നതും, സന്ധ്യാ പ്രാര്‍ത്ഥയ്ക്കുശേഷം ദേവലോകം കബറിങ്കലേയ്ക്ക് സംയുക്ത റാസ ഉണ്ടായിരിക്കുന്നതാണ്.

മൂന്നാം തീയതി രാവിലെ 7.30-ന് പ്രഭാത നമസ്ക്കാരവും, 8.30-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരുടെ സഹകാര്‍മ്മികത്വത്തിലും വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും, തുടര്‍ന്ന് റാസ, നേര്‍ച്ചവിളമ്പ് എന്നിവ നടക്കും. 11 മണിയ്ക്ക് ദേവലോകം അരമനയോടു ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച ഓഫീസ് സമുച്ചയത്തിന്റെ കൂദാശ നടത്തപ്പെടും. 11.30-ന് പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായും വിദ്യാഭ്യാസ മേഖലയും എന്ന വിഷയത്തെ ആസ്പദമാക്കി സിമ്പോസിയം സംഘടിപ്പിക്കും. അവാര്‍ഡ് ജേതാക്കളായ അദ്ധ്യാപകരെ പ്രസ്തുത സമ്മേളനത്തില്‍ ആദരിക്കും.
നാലാം തീയതി ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ ചരമ സുവര്‍ണ്ണ ജൂബിലി സമാപനം നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കേരളാ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സഭയിലെ മറ്റു മെത്രാപ്പോലീത്താമാര്‍, മന്ത്രിമാര്‍, വിവിധ സമുദായ-രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വൈദീകട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കാാനാട്ട് അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, സഭാ മാനേജിംഗ് കമ്മറ്റി മെമ്പര്‍ എ. കെ. ജോസഫ്, പെരുന്നാള്‍ കണ്‍വീനര്‍ ഫാ. ജോണ്‍ ശങ്കരത്തില്‍ എന്നിവര്‍ സംബന്ധിച്ചു.

34 വര്‍ഷം കാതോലിക്കാ സ്ഥാനം ഉള്‍പ്പെടെ 51 വര്‍ഷക്കാലം മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മേല്‍പ്പട്ട സ്ഥാനത്ത് ഇരുന്ന് മലങ്കര സഭയുടെ വിധിനിര്‍ണ്ണായകമായ ഘട്ടത്തില്‍ സഭയെ യിച്ച മഹാനും പരിശുദ്ധുമായ പിതാവായിരുന്നു പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇദ്ദേഹത്തിന്റെ കാലത്താണ് സഭയിലെ കക്ഷിവഴക്കുകള്‍ തീര്‍ന്ന് ഇരു കൂട്ടരും യോജിച്ചത്. 1932-ല്‍ മലങ്കര സഭയില്‍ ആദ്യമായി മൂറോന്‍ കൂദാശ നിര്‍വ്വഹിച്ച പരിശുദ്ധ പിതാവ് പതിനൊന്ന് മേല്‍പ്പട്ടക്കാരെ വാഴിച്ചു. 1929-ല്‍ മര്‍ത്തമറിയം വനിതാ സമാജം, 1933-ല്‍ സണ്‍ഡേസ്കൂള്‍ പ്രസ്ഥാനം, 1937-ല്‍ യുവജപ്രസ്ഥാനം എന്നിവ രൂപീകരിച്ചു. 1934-ല്‍ മലങ്കര സഭയുടെ ഭരണഘടന പാസാക്കി. 1935-ല്‍ കാതോലിക്കാ ദിനപിരിവ് ആരംഭിച്ചു. 1946-ല്‍ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘മലങ്കര സഭ മാസിക’ ആരംഭിച്ചു. 1951-ല്‍ ദേവലോകം അരമന, 1952-ല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് എന്നിവ സ്ഥാപിച്ചു.
ഫോട്ടോകള്‍
HH Baselius Geevarghese II Catholicos

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ