ആകമാന സഭാനിലപാടുകള്‍

20141206

ഓര്‍ത്തഡോക്സ് - കത്തോലിക്കാ പൊതുധാരണകള്‍ മഹത്തരം : ആർച്ച് ബിഷപ്‌ ഡോ.ബ്രയാൻ ഫാരൽ

അജപാലനപരമായ സഹകരണം പഠനവിഷയമാക്കും
 കോട്ടയം, 2014 ഡിസംബര്‍ 5 –
മലങ്കര ഓർത്തഡോക്സ്‌ സഭയും കത്തോലിക്കാ സഭയും തമ്മിൽ സഭൈക്യരംഗത്ത്‌ എത്തിച്ചേർന്നിട്ടുള്ള ഔദ്യോഗിക പൊതുധാരണകൾ മഹത്തരമാണന്നു സഭൈക്യത്തിനായുളള വത്തിക്കാൻ പൊന്തിഫിക്കൽ കൗൺസിലിന്റെ സെക്രട്ടറി ആർച്ച്ബിഷപ്‌ ഡോ.ബ്രയാൻ ഫാരൽ.

ബസേലിയോസ്‌ ഔഗേൻ കാതോലിക്കാ ബാവ, പോൾ ആറാമൻ മാർപാപ്പയെ മുംബൈയിൽ സന്ദർശിച്ചു സഭകൾ തമ്മിലുള്ള ഔദ്യോഗിക ബന്ധങ്ങൾക്ക്‌ ആരംഭം കുറിച്ചതിന്റെ 50-​‍ാം വാർഷികവും ദൈവശാസ്ത്ര ചർച്ചകളുടെ 25-​‍ാം വാർഷികവും അനുസ്മരിച്ചു് ദേവലോകം അരമനയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്‌. കത്തോലിക്കാസഭയും മലങ്കര ഓർത്തഡോക്സ്‌ സഭയും തമ്മിൽ സഭൈക്യത്തിനായുളള ഔദ്യോഗിക ദൈവശാസ്ത്ര സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.

ക്രിസ്തുവിജ്ഞാനീയം, കൂദാശകളുടെ പങ്കുവയ്ക്കൽ, ദേവാലയങ്ങളും സെമിത്തേരികളും പങ്കുവയ്ക്കൽ എന്നിവ സംബന്ധിച്ച പൊതുധാരണകൾ ഇനിയുളള ചർച്ചയ്ക്ക്‌ അടിസ്ഥാനമാകുമെന്ന്‌ ആർച്ച്ബിഷപ്‌ ഫാരൽ പ്രത്യാശ പ്രകടിപ്പിച്ചു.

25 വർഷം സഭൈക്യ ചർച്ചകൾക്കു നേതൃത്വം നല്കിയ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ്‌ പ്രഥമൻ ബാവ, മാത്യൂസ്‌ ദ്വിതീയൻ ബാവ, ദിദിമോസ്‌ ബാവ, ഇപ്പോഴത്തെ പൗലോസ്‌ ദ്വിതീയൻ ബാവാ, പൗലോസ്‌ മാർ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത, കത്തോലിക്കാ സഭയിലെ സിറിൾ മാർ ബസേലിയോസ്‌ മെത്രാപ്പോലീത്ത, ആർച്ച്ബിഷപ്‌ മാർ കുര്യാക്കോസ്‌ കുന്നശേരി, ബിഷപ്‌ ഡോ.പാട്രിക്‌ ഡിസൂസ എന്നിവരെ അനുസ്മരിച്ച്‌ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ പ്രസംഗിച്ചു.

പശ്ചിമേഷ്യയിൽ നിരന്തരം പീഡിപ്പിക്കപ്പെടുന്ന വംശ മതന്യൂ നപക്ഷങ്ങളോടു സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അവരെ പ്രാർഥനയും പിന്തുണയും അറിയിക്കും.

മതങ്ങൾ തമ്മിലുളള സ ഹവർത്തിത്വവും സൗഹാർദവും സഭകൾ തമ്മിലുളള അജപാലന പരമായ സഹകരണവും പഠനവിഷയമാക്കാൻ സമിതി നിർദേശിച്ചു.

രണ്ടു ദിവസമായി മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററിൽ നടന്ന എക്യുമെനിക്കൽ ഡയലോഗിൽ കത്തോലിക്കാസഭയിൽനിന്ന്‌ ആർച്ച്ബിഷപ്പുമാരായ ഡോ. ബ്രയാൻ ഫാരൽ, മാർ ജോസഫ്‌ പവ്വത്തിൽ, മാർ മാത്യു മൂലക്കാട്ടിൽ, തോമസ്‌ മാർ കൂറിലോസ്‌, ബിഷപ്പുമാരായ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, മാർ ജോസഫ്‌ കല്ലറങ്ങാട്ട്‌, മല്പാൻ റവ.ഡോ. മാത്യു വെള്ളാനിക്കൽ, റവ.ഡോ.സേവ്യർ കൂടപ്പുഴ, റവ.ഡോ.ജേക്കബ്‌ തെക്കേപ്പറമ്പിൽ, റവ.ഡോ.അഗസ്റ്റിൻ കടേപ്പറമ്പിൽ, റവ.ഡോ.ഫിലിപ്പ്‌ നെൽപ്പുരപ്പറമ്പിൽ, മോൺ. ഗബ്രിയേൽ ക്യുക്കേ, മലങ്കര ഓർത്തഡോക്സ്‌ സഭയിൽനിന്ന്‌ യാക്കോബ്‌ മാർ ഐറേനിയോസ്‌, യൂഹാനോൻ മാർ ദിയസ്കോറസ്‌, മാത്യൂസ്‌ മാർ തീമോത്തിയോസ്‌, ഗീവർഗീസ്‌ മാർ യൂലിയോസ്‌, റവ.ഡോ.കെ.എം. ജോർജ്‌, ഫാ.ജോൺ ഏബ്രഹാം കോനാട്ട്‌, റവ.ഡോ. ബേബി വർഗീസ്‌, ഫാ.ഏബ്രഹാം തോമസ്‌, റവ.ഡോ.ടി.ഐ. വർഗീസ്‌, റവ.ഡോ.റജി മാത്യു, റവ.ഡോ. ജോസ്‌ ജോൺ, റവ.ഡോ.ഒ. തോമസ്‌ എന്നിവർ പങ്കെടുത്തു. റവ.ഡോ.സേവ്യർ കൂടപ്പുഴ, റവ.ഡോ.അഗസ്റ്റിൻ കടേപ്പറമ്പിൽ, റവ.ഡോ.ടി.ഐ. വർഗീസ്‌, റവ.ഡോ. ഒ. തോമസ്‌ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ