ആകമാന സഭാനിലപാടുകള്‍

20141206

മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തരുത്‌: പരിശുദ്ധ ബാവാ


കോട്ടയം, 2014 ഡിസംബര്‍ 5 –
സർക്കാരിന്റെ മദ്യനയത്തിൽ മാറ്റം വരുത്തരുതെന്നു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ പൗലോസ്‌ ദ്വിതീയൻ ബാവാ ആവശ്യപ്പെട്ടു. കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സമ്മേളനം കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ.

എതിർക്കുന്നവരെ ശത്രുക്കളായി കാണുന്ന സമീപനം അധികാരികൾ ഒഴിവാക്കണം. മദ്യനയത്തിൽ മാറ്റം വരുത്തിയാൽ ശക്‌തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും ബാവാ പറഞ്ഞു. മദ്യനയം അട്ടിമറിക്കാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നത്. മദ്യനയത്തിൽവന്ന മാറ്റത്തിന്റെ ആശ്വാസത്തിലായിരുന്നു നമ്മൾ. എന്നാൽ, ഭരണകൂടം പഴയ നടപടികളിലേക്കു തിരിച്ചുപോകാനാണു ശ്രമിക്കുന്നത്‌.

മനുഷ്യനെ നിത്യനാശത്തിലേക്കു തള്ളിവിടുന്നതിനു സർക്കാർ ഒത്താശ ചെയ്യുന്നതു ദുഃഖകരമാണെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു. കാതോലിക്കാ ബാവാ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി​ക്കൊടുത്തു.

ആർക്കുവേണ്ടിയാണ്‌ ഇനിയും കേരളജനതയെ മദ്യത്തിന്‌ അടിമയാക്കുന്നതെന്ന്‌ ഉത്തരം നല്കാൻ കഴിയുന്നില്ലെങ്കിൽ ഇക്കാര്യത്തിൽ കേരളത്തിന്റെ മുഖം വികൃതമാകുമെന്നതിൽ സംശയമില്ലെന്ന്‌ ആർച്ച്ബിഷപ്‌ മാർ മാത്യു മൂലക്കാട്ട്‌ പറഞ്ഞു. മദ്യനയത്തിൽ നിന്നു പിന്നോട്ടുപോയാൽ സർക്കാർ ദുഃഖിക്കേണ്ടിവരുമെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന ചെയർമാൻ മാർ റെമജിയോസ്‌ ഇഞ്ചനാനിയിൽ പറഞ്ഞു.

മദ്യനയത്തിൽനിന്നു പിന്നോക്കം പോകുന്നതിൽ പ്രതിഷേധിച്ചു 15 ക്രൈസ്തവ ബിഷപ്പുമാരുടെ നേതൃത്വത്തിൽ നാളെ രാവിലെ ആറിനു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു സമീപം പ്രഭാത സവാരി നടത്തുമെന്നു സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി  പ്രസിഡന്റ്‌ ബിഷപ്‌ ഡോ. തോമസ്‌ കെ. ഉമ്മൻ അറിയിച്ചു.പ്രഭാത സവാരിയിൽ വൈദികർ, സന്യസ്തർ തുടങ്ങി നൂറുകണക്കിനു പേർ പങ്കെടുക്കും. കവലയിൽ ഇറങ്ങിയശേഷം പുതുപ്പള്ളി പാലത്തിൽനിന്നു 10 മിനിറ്റ്‌ പ്രാർഥിക്കും. ഈ മാസം18ന്‌ ഉച്ചകഴിഞ്ഞ്‌ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യം എന്ന സാമൂഹ്യതിന്മയിൽനിന്നു സർക്കാർ പിൻമാറുന്നില്ലെങ്കിൽ സെക്രട്ടേറിയറ്റ്‌ പടിക്കൽ ഉപവാസ സമരം നടത്തുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി വൈസ്‌ ചെയർമാൻ ബിഷപ്‌ ജോഷ്വാ മാർ ഇഗ്നാത്തിയോസ്‌ പറഞ്ഞു.

മദ്യവിരുദ്ധ സമിതി ജനറൽ സെക്രട്ടറി ഫാ.ടി.ജെ. ആന്റണി, അഡ്വ. ചാർളി പോൾ, പ്രസാദ്‌ കുരുവിള, എഫ്‌.എം. ലാസർ, ജയിംസ്‌ മുട്ടയ്ക്കൽ, ആന്റണി ജേക്കബ്‌ ചാവറ, യോഹന്നാൻ ആന്റണി, കെ.ജെ. പൗലോസ്‌, സണ്ണി പായിക്കാട്ട്‌, ഫാ. പോൾ കാരാച്ചിറ, സിസ്റ്റർ ആനീസ്‌ തോട്ടപ്പള്ളിൽ, ഫാ.തോമസ്‌ തൈത്തോട്ടം, ഫാ.ജോൺ അരീക്കൽ, ഫാ.എഡ്വേർഡ്‌ പുത്തൻപുരയ്ക്കൽ, സേവ്യർ പള്ളിപ്പാടൻ എന്നിവർ പ്രസംഗിച്ചു.

രാവിലെ നടന്ന പ്രതിനിധി സമ്മേളനം ഡോ. ഫീലിപ്പോസ്‌ മാർ ക്രിസോസ്റ്റോം മാർത്തോമ വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ചിലർ മദ്യത്തെ അനുകൂലിക്കുന്നത്‌ അദ്ഭുതമാണ്‌. ഈ വർഷം അവസാനം മദ്യവ്യാപാരത്തിന്‌ അവസാനം വരുത്തണം. 2015 ജനുവരി ഒന്നു മുതൽ ലഹരി ഉപയോഗിക്കാത്ത നാടാണെന്നു പറയാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ്‌ ഡോ.തോമസ്‌ കെ. ഉമ്മൻ അധ്യക്ഷത വഹിച്ചു. റീജണൽ ഡയറക്ടർ ഫാ. ജേക്കബ്‌ വെള്ളമരുതുങ്കൽ, ജോയിക്കുട്ടി ലൂക്കോസ്‌, വി.ഡി. രാജു, എം.ഡി. റാഫേൽ, മത്തായി മരുതൂർ, ഫാ. ആന്റണി അറയ്ക്കൽ, ഫാ. ദേവസി പന്തല്ലൂക്കാരൻ, ലിസി ജോസ്‌, തോമസുകുട്ടി മണക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ