ആകമാന സഭാനിലപാടുകള്‍

20141218

കാല്‍വരിയും പുല്‍ക്കൂടും പരസ്​പരപൂരകം – പരിശുദ്ധ ബാവാ


കാല്‍വരിയും പുല്‍ക്കൂടും പരസ്​പരപൂരകം
പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍

തിരുജനനരാത്രിയില്‍ മാലാഖമാരുടെ സംഘം പാടി: 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം.' ഈ ഗാനം ഉന്നതങ്ങളില്‍ ദൈവത്തിനു മഹത്വം കരേറ്റുവാനും ദൈവപ്രസാദമുള്ളവരായി ജീവിക്കുവാനും നമ്മെ ആഹ്വാനംചെയ്യുന്നു. സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കുവേണ്ടി മനുഷ്യപ്രീതി ആഗ്രഹിക്കുന്നവര്‍ക്കും അങ്ങനെ നിരാശയുടെ പടുകുഴിയില്‍ വീണുപോകുന്നവര്‍ക്കും സ്വയംപരിശോധനയ്ക്കുള്ള അവസരമാണ് ക്രിസ്മസ്. പുല്‍ക്കൂട്ടില്‍ വെളിപ്പെടുന്ന ദൈവസ്‌നേഹത്തിന്റെ പൂര്‍ണതയും ദൈവസ്‌നേഹത്തിലുള്ള സമ്പൂര്‍ണമായ താഴ്മയുമാണ് കാല്‍വരിയിലെ മരക്കുരിശിലും നമുക്കു കാണുവാന്‍ കഴിയുന്നത്. കാല്‍വരിയും പുല്‍ക്കൂടും പരസ്​പരപൂരകമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം.
നാം കാണാെതപോകുന്ന കാഴ്ചകളെയും കേള്‍ക്കാതെപോകുന്ന സ്വരങ്ങളെയുംകുറിച്ചുള്ള ഒരന്വേഷണം ക്രിസ്മസ് ആവശ്യപ്പെടുന്നു. നാം കാണുന്ന നക്ഷത്രം കേവലമൊരു നക്ഷത്രം എന്നതിലുപരി, ദൈവസാന്നിദ്ധ്യമുള്ള ഇടങ്ങളിലേക്ക് നമ്മെ നയിക്കുന്ന പ്രകാശമാണെന്ന വിശ്വാസവും തിരിച്ചറിവുമാണ് പ്രധാനം. നമുക്കുചുറ്റുമുള്ള ദരിദ്രരുടെയും പീഡിതരുടെയും അനാഥരുടെയും നിരാലംബരുടെയും യാചനാശബ്ദങ്ങള്‍ക്കുമുമ്പില്‍ നമ്മുടെ ഹൃദയവും മനസ്സും തുറക്കപ്പെടണം. എങ്കില്‍മാത്രമേ ക്രിസ്തു പിറക്കുന്ന പുല്‍ക്കൂടുകളുമായി നമുക്ക് മാറുവാന്‍ കഴിയൂ. പരിശുദ്ധാത്മ പുതുക്കത്തിന്റെയും ആത്മീയസന്തോഷത്തിന്റെയും നിറവുള്ള ഒരു ക്രിസ്മസും അനുഗ്രഹപ്രദമായ ഒരു പുതുവത്സരവും ദൈവംതമ്പുരാന്‍ നല്‍കട്ടെ എന്ന് ആശംസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

മാതൃഭൂമി ദിനപ്പത്രം,കൊച്ചി, 2014 ഡിസംബര്‍ 17

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ