ആകമാന സഭാനിലപാടുകള്‍

20141214

ജീവിതം ആത്മീയതയുടെ യാത്രയാണെന്നു് തിരിച്ചറിയണം: ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌


വെള്ളറട,ഡിസംബര്‍ 13 – ജീവിതം ആത്മീയതയുടെ യാത്രയാണെന്നു് തിരിച്ചറിയണമെന്നു് കേരള ക്രിസ്‌ത്യന്‍ കൗണ്‍സില്‍ അധ്യക്ഷനും ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപനുമായ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ മെത്രപ്പോലീത്ത പറഞ്ഞു. ബിലീവേഴ്‌സ്‌ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര നഗരസഭാ സ്‌റ്റേഡിയത്തില്‍ നടന്ന ആത്മീയയാത്ര സമ്മേളനവും സംഗീതവിരുന്നും ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തിന്മയുടെ സാഹചര്യങ്ങളില്‍ ജീവിക്കുന്ന മനുഷ്യന്‍ പുതിയ ക്രമജീവിതം പടുത്തുയര്‍ത്താന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹമോചനങ്ങള്‍ക്കായി കേരളത്തില്‍ കുടുംബകോടതികളുടെ മുമ്പില്‍ കിലോമീറ്ററുകളോളമാണു് പരാതിക്കാര്‍ കാത്തുനില്‍ക്കുന്നതെന്ന്‌ അനുഗ്രഹപ്രഭാഷണം നടത്തിയ ബിലീവേഴ്‌സ്‌ സഭാ മെത്രാപ്പോലീത്ത കെ.പി. യോഹന്നാന്‍ പറഞ്ഞു. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയ്‌ക്കു കാരണം ആത്മീയജീവിതത്തിന്റെ അകക്കണ്ണുകള്‍ അടഞ്ഞതിനാലാണെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു.

ആത്മീയയാത്രയുടെ ആഭിമുഖ്യത്തില്‍ അഞ്ചുലക്ഷം രൂപ ചെലവഴിച്ച്‌ ആര്യനാട്‌ സ്വദേശിനി ശ്രീലതയ്‌ക്കു നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ നെയ്യാറ്റിന്‍കര എം.എല്‍.എ: ആര്‍. സെല്‍വരാജ്‌ ചടങ്ങില്‍ കൈമാറി. ദേശീയതലത്തില്‍ ഉള്‍പ്പെടെ വിവിധ കായികമത്സരങ്ങളില്‍ ജേതാവായ കീഴാറൂര്‍ സ്വദേശി എം.എസ്‌. ജിജീഷിന്‌ ആത്മീയയാത്രയുടെ ഉപഹാരം നഗരസഭാ ചെയര്‍മാന്‍ എസ്‌.എസ്‌. ജയകുമാര്‍ നല്‍കി. റൈറ്റ്‌ റവ. ഡോ. ജോര്‍ജ്‌ ഈപ്പന്‍, റവ. ഫാ. ഡോ. ഡാനിയേല്‍ ജോണ്‍സണ്‍, എ.ടി. ജോര്‍ജ്‌ എം.എല്‍.എ, റവ. ഫാ. ജോജു മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആയിരക്കണക്കിനു വിശ്വാസികളെക്കൊണ്ടു നിറഞ്ഞ നഗരസഭാ മൈതാനം അക്ഷരാര്‍ഥത്തില്‍ പ്രാര്‍ഥനാലയമായി.
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലാണ് വെള്ളറട.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ