കോട്ടയം: ഗര്‍ബോ സണ്ടേ ലോകത്തെല്ലായിടത്തുമുള്ള കുഷ്ഠ രോഗികള്‍ക്കു വേണ്ടിയും പരിശുദ്ധ സഭ നടത്തുന്ന പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമൊസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് തന്റെ നമ്പര്‍ 12/2010 കല്പനയിലൂടെ വിശ്വാസികളെ ആഹ്വാനം ചെയ്തു.വലിയ നോമ്പിന്റെ രണ്ടാമത്തെ ഞായറാഴ്ച ഗര്‍ബോ സണ്ടേ ആയി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ ആചരിച്ചു വരുന്നു. ഈ വര്‍ഷത്തെ ഗര്‍ബോ സണ്‍ഡേ 2010 ഫെബ്രുവരി 21-ആം തീയതിയാണ്.
കുഷ്ഠ രോഗികളുടെ പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ട് ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശില്‍ യാച്ചാരത്ത് ആരംഭിച്ച ബാലഗ്രാം 25 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ 2010 ജനുവരി മാസം 12 - ആം തീയതി പൗരസ്ത്യ കാതോലിക്കാസനഅരമനയില്നിന്നും പരിശുദ്ധ ബാവാ പുറപ്പെടുവിച്ച കല്പ്പനയുടെ പ്രസക്തഭാഗങ്ങള്‍ ചുവടെ:-
പ്രിയരേ,
എന്റെ പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നുള്ള കല്പനയോടെ തന്റെ ശിഷ്യന്മാര്ക്ക് നമ്മുടെ കര്‍ത്താവ് നല്കിയ ദൗത്യം പ. സഭയിലൂടെയാണ് ലോകത്ത് നിര്‍വ്വഹിക്കപ്പെടേണ്ടത്. ദൈവകൃപയാല്‍ ആ ദൗത്യം നമ്മുടെ സഭയിലൂടെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഗ്രഹകരമായി നിര്വ്വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതില്‍ ദൈവത്തെ നമുക്ക് സ്തുതിക്കാം. കുഷ്ഠരോഗികള്‍ക്കും, എയ്ഡ്സ് രോഗികള്‍ക്കും, അവരുടെ കുഞ്ഞുങ്ങ ള്‍ക്കുമായി പരിശുദ്ധ സഭ പല സ്ഥാപനങ്ങ ളുംആരംഭിച്ച് അനുഗ്രഹപരമായി പ്രവര്‍ത്തിച്ചുവരുന്നു എന്നുള്ളത് നമുക്കെല്ലാവര്‍ക്കും അഭിമാനകരമാണ്. ദൈവകൃപയാല്‍ ആന്ധ്രാപ്രദേശിലെ യാച്ചാരം, പൂനായിലെ ദേഹു റോഡ്, ബാംഗ്ലൂരിലെ കുണിഗല്‍, കാരാശ്ശേരി, ഇറ്റാര്‍സി തുടങ്ങിയ സ്ഥലങ്ങ ളിലെല്ലാം സാക്ഷ്യമുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ നമുക്ക് സാധിക്കുന്നുണ്ട്.
എല്ലാ വര്‍ഷവും വലിയനോമ്പിലെ രണ്ടാമത്തെ ഞായറാഴ്ച ഗര്‍ബോ സണ്‍ഡേ ആയി നാം ആചരിച്ചുവരികയാണല്ലോ. ഈ വര്‍ഷത്തെ ഗര്‍ബോ സണ്‍ഡേ 2010 ഫെബ്രുവരി 21-ആം തീയതിയാണ്. കുഷ്ഠരോഗികളുടെ കുഞ്ഞുങ്ങ ളുടെ പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ട് ആന്ധ്രാപ്രദേശിലെ യാച്ചാരത്ത് പരിശുദ്ധ സഭ ആരംഭിച്ച ബാലഗ്രാം അതിന്റെ പ്രവര്‍ത്തന സരണിയില്‍ 25 വര്‍ഷങ്ങ ള്‍ പിന്നിടുകയാണ്. അനേകംകുഞ്ഞുങ്ങള്ക്ക് നല്ല വിദ്യാഭ്യാസം നല്കി ഉന്നതനിലയില്‍ എത്തിക്കുവാന്‍ ഈ സ്ഥാപനത്തിനും അതിന്റെ പ്രവര്‍ത്തകര്‍ക്കും സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ 110 കുട്ടികള്‍ ഈ സ്ഥാപനത്തില്‍ താമസിക്കുന്നു. അതോടൊപ്പം ഒരു കണ്ണാശുപത്രിയും, ഒരു വൃദ്ധഭവനവും അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഗര്‍ബോ ഞായറാഴ്ച ലോകത്തെല്ലായിടത്തുമുള്ള കുഷ്ഠരോഗികള്‍ക്കുവേണ്ടിയും, സഭ വകയായി നടത്തപ്പെടുന്ന പ്രസ്ഥാനങ്ങ ള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടിയും എല്ലാ പള്ളികളിലും പ്രത്യേകം പ്രാര്‍ത്ഥന നടത്തണം. അന്നേദിവസത്തെ കാണിക്കയും പ്രത്യേക സംഭാവനകളും The Director, St. Gregorios Balagram, Yacharam P.O,(via) Ibrahimpatnam, R.R. District, A.P.-501509എന്ന വിലാസത്തില്‍ അയച്ചുകൊടുക്കുകയും ചെയ്യണം.
ശേഷം പിന്നാലെ, സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപയും അനുഗ്രഹങ്ങ ളും, നിങ്ങ ളേവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയത് ദൈവമാതാവായ പരിശുദ്ധ കന്യക മറിയാം അമ്മയുടേയും ഇന്ത്യയുടെകാവല്പിതാവായ മാര്തോമ്മാ ശ്ലീഹായുടേയും നമ്മുടെ പരിശുദ്ധ പിതാക്കന്മാരായ മാര്‍ ഗ്രീഗോറിയോസിന്റെയും മാര്‍ ദീവന്നാസിയോസിന്റെയും ശേഷം സകല ശുദ്ധിമാന്മാരുടേയും ശുദ്ധിമതികളുടേയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.
കല്പ്പനയുടെ പൂര്‍ണ്ണ രൂപം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.http://www.orthodoxchurch.in/images/pdf/14-01-2010/sunday.pdf