ആകമാന സഭാനിലപാടുകള്‍

20101105

സ്‌ഥാനത്യാഗത്തിന്റെ മഹനീയ മാതൃകയായ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ

പുല്‍മേട്ടിലൂടെയല്ല, കഠിനവഴികളിലൂടെ


പ്രതിസന്ധി ഘട്ടത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമരത്തെത്തിയ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ സ്‌ഥാനമൊഴിഞ്ഞത്‌ അപാരമായ ദൈവകൃപയ്‌ക്കു നന്ദിചൊല്ലിയാണ്‌. സഭാപ്രശ്‌നങ്ങള്‍ കൊടുമ്പിരിക്കൊണ്ട കാലമായിരുന്നിട്ടും തോല്‍വിയും ജയവും എണ്ണി കണക്കുകൂട്ടാനോ ആരോടെങ്കിലും കണക്കുതീര്‍ക്കാനോ തുനിഞ്ഞില്ല ബാവ. ദൈവാശ്രയം മാത്രം ആവോളം പ്രാര്‍ഥിച്ചും നേടിയും അദ്ദേഹം സഭയെ നയിച്ചു.

കാതോലിക്കാ സ്‌ഥാനത്തിരുന്ന അഞ്ചുവര്‍ഷംകൊണ്ട്‌ സഭയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ച ലക്ഷ്യമിട്ടാണ്‌ അദ്ദേഹം പ്രവര്‍ത്തിച്ചത്‌. സഭയിലെ ഭദ്രാസനങ്ങളുടെ എണ്ണം വര്‍ധിച്ചതു ദിദിമോസ്‌ ബാവായുടെ ഭരണകാലത്താണ്‌. ലോകമെമ്പാടുമായി 30 ഭദ്രാസനങ്ങളാണു് സഭയ്‌ക്കുള്ളത്‌. ഭദ്രാസനങ്ങളുടെ എണ്ണം വര്‍ധിച്ചതനുസരിച്ചു മാനേജിങ്‌ കമ്മിറ്റി അംഗങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചത്‌ ഇദ്ദേഹമാണ്‌. 2009 ഏപ്രിലില്‍ മൂറോന്‍ കൂദാശ നടത്തി.

ഷെനൂദ തൃതീയന്‍ മാര്‍പാപ്പയോടൊപ്പം
മറ്റു ഓര്‍ത്തഡോക്‌സ്‌ സഭകളുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതില്‍ ബാവാ ശ്രദ്ധചെലുത്തി. റഷ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ ബിഷപ്പും അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭ, കിലിക്യയിലെ അര്‍മീനിയന്‍ സഭ, ഇത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭ എന്നിവയുടെ തലവന്മാരും ബാവായുടെ ക്ഷണം സ്വീകരിച്ചു കേരളത്തിലെത്തിയത്‌ ഈ ബന്ധത്തിന്‌ ഉദാഹരണമാണ്‌.

ആഫ്രിക്കന്‍ രാജ്യമായ ലൊസോത്തോയിലെ ഉപപ്രധാനമന്ത്രി ആര്‍ബാള്‍ഡ്‌ ലിഹാഹ്‌ല ദേവലോകം കാതോലിക്കറ്റ്‌ അരമനയില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവായെ സന്ദര്‍ശിക്കുകയും ലൊസോത്തന്‍ സംസ്‌കാര പ്രതീകമായ `ലൊസോത്തന്‍ ക്യാപ്‌' സമ്മാനിക്കുകയും ചെയ്‌തു. എംഡി സെമിനാരി സ്‌ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദിവന്നാസിയോസ്‌ അഞ്ചാമനു `സഭാ തേജസ്‌' എന്ന സ്‌ഥാനനാമം നല്‍കി ആദരിച്ചതു ദിദിമോസ്‌ ബാവായാണ്‌.

ആര്‍മീനിയയുടെ കരേക്കിന്‍ കാതോലിക്കയോടൊപ്പം
1992ലെ പരുമല അസോസിയേഷനാണു് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പിന്‍ഗാമിയായി തിരഞ്ഞെടുത്തത്‌. 2005 നവംബര്‍ ഒന്നിനു മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ സ്‌ഥാനത്യാഗത്തെ തുടര്‍ന്നു കാതോലിക്കാ സ്‌ഥാനവും മലങ്കര മെത്രാപ്പോലീത്താ സ്‌ഥാനവും ഏറ്റെടുത്തു.

എത്യോപ്യന്‍ പാത്രിയര്‍ക്കീസിനോടൊപ്പം
2006 ഒക്‌ടോബര്‍ 12നു പരുമലയില്‍ ചേര്‍ന്ന അസോസിയേഷനില്‍ പിന്‍ഗാമിയായി കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ്‌ മാര്‍ മിലിത്തിയോസിനെ തിരഞ്ഞെടുത്തു.തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിര തോമസിന്റെയും മാവേലിക്കര ചിറമേല്‍ ശോശാമ്മയുടെയും നാലാമത്തെ മകനായി ജനിച്ച സി.ടി. തോമസ്‌ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന തോമ്മാ മാര്‍ ദിവന്നാസിയോസിന്റെ ശിഷ്യനായി 18-ാം വയസ്സില്‍ പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറായില്‍ ചേര്‍ന്നു. അവിടെ സെന്റ്‌ സ്‌റ്റീഫന്‍സ്‌ ഹൈസ്‌കൂളില്‍ ചേര്‍ന്നു പഠിച്ച അദ്ദേഹത്തിനു പിന്നീട്‌ ആ സ്‌കൂളില്‍ ഹെഡ്‌മാസ്‌റ്ററാകാന്‍ കഴിഞ്ഞു. കാന്‍പൂര്‍ ക്രൈസ്‌റ്റ്‌ ചര്‍ച്ച്‌ കോളജില്‍ നിന്ന്‌ ഇംഗ്ലിഷ്‌ സാഹിത്യത്തില്‍ എംഎ നേടി, സെന്റ്‌ സ്‌റ്റീഫന്‍സ്‌ കോളജിലെ ഇംഗ്ലിഷ്‌ വിഭാഗം മേധാവിയും വൈസ്‌ പ്രിന്‍സിപ്പലുമായി.

ഇക്കാലത്തിനിടയില്‍ വൈദികപട്ടം സ്വീകരിച്ചു. ഗുരുവും വഴികാട്ടിയും ആത്മീയപിതാവുമായിരുന്ന മാര്‍ ദിവന്നാസിയോസില്‍ നിന്നുതന്നെയാണു റമ്പാന്‍ പട്ടം സ്വീകരിച്ചത്‌. 1966 ഓഗസ്‌റ്റ്‌ 24നു മെത്രാന്‍ സ്‌ഥാനത്തെത്തി. സ്‌ഥാനാഭിഷേകം നിര്‍വഹിച്ചത്‌ പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ. മലബാര്‍ ഭദ്രാസനത്തിന്റെ ചുമതലയാണ്‌ അദ്ദേഹത്തിനു് ലഭിച്ചത്‌.

കിലിക്യായുടെ ആരാം കാതോലിക്കയോടൊപ്പം
കഠിനാധ്വാനത്തിലും കഷ്‌ടപ്പാടിലും സ്‌ഫുടം ചെയ്‌തെടുത്ത വ്യക്‌തിത്വമാണു പരിശുദ്ധ ബാവായുടേത്‌. അതിന്‌ അദ്ദേഹത്തെ സഹായിച്ചതു ദയറായിലെ ചിട്ടയായ ജീവിതമാണ്‌. ദയറാജീവിതത്തിലെ കഠിനാധ്വാനവും പരിശീലനവും മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായി പോയപ്പോള്‍ തോമസ്‌ മാര്‍ തിമോത്തിയോസിനു മുതല്‍ക്കൂട്ടായി. അവികസിത പ്രദേശങ്ങളും സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ഭദ്രാസനവും അദ്ദേഹത്തിനു സമ്മാനിച്ചതു വെല്ലുവിളിയാണ്‌. എന്നാല്‍, ഉറച്ച ദൈവാശ്രയവും പ്രാര്‍ഥനാജീവിതവും പ്രതിസന്ധികളില്‍ പോലും ഉറച്ച കാല്‍വയ്‌പോടെ മുന്നോട്ടുപോകാന്‍ സഹായിച്ചു.

പേരുകേട്ട ധ്യാനഗുരുവും മികച്ച അധ്യാപകനുമായിരുന്നു, അദ്ദേഹം. സമയപരിമിതി മൂലം വായന കുറയുന്നതില്‍ ദുഃഖിതനായിരുന്ന ബാവാ ഇംഗ്ലിഷില്‍ ചാള്‍സ്‌ ലാംബിനെയും മലയാളത്തില്‍ ബഷീറിനെയുമാണു് സ്വന്തം എഴുത്തുകാരായി കണ്ടിരുന്നത്‌. സുറിയാനിയിലും തമിഴിലും അവഗാഹമുണ്ടായിരുന്നു.

അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ
മോശ സേവേറിയോസ്മെത്രാപ്പോലീത്തയോടൊപ്പം

ഭാഷയെ കടന്നുപോകുന്ന സംഗീതത്തിന്റെ ഭാഷ പരിശീലിക്കാന്‍ ആഗ്രഹിച്ചിരുന്ന കാലമുണ്ടായിരുന്നു ആ ജീവിതത്തില്‍. സംഗീതാഭിമു്യവുമുണ്ടായിരുന്നു. യാത്രകളില്‍ സംഗീതം കേള്‍ക്കുമായിരുന്നു. അദ്ദേഹത്തിന്റെ കുര്‍ബാനയും പ്രാര്‍ഥനയുമെല്ലാം സംഗീതസാന്ദ്രവും കേള്‍ക്കാന്‍ ഇമ്പകരവുമാണ്‌. പക്ഷേ, വീണയും കിന്നരവും വേണ്ടതു ബലിക്ക്‌ അല്ല എന്നുറക്കെ പറഞ്ഞ്‌ കുര്‍ബാനയ്‌ക്കു വാദ്യമേളം വേണ്ടെന്ന സുന്നഹദോസ്‌ നിലപാടിന്‌ അടിവരയിടാനും അദ്ദേഹം ധൈര്യം കാട്ടി.
ലേഖനത്തിനു്  മലയാള മനോരമയോട് കടപ്പാടു്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ