ആകമാന സഭാനിലപാടുകള്‍

20101111

സഭാധ്യക്ഷന്മാരുടെ കടമ അധികാരവും ശുശ്രൂഷയും സമന്വയിപ്പിക്കല്‍- പ. ബസേലിയോസ് മാര്‍‍ത്തോമ്മാപൗലോസ് ദ്വിതീയന്‍ ബാവ

.
ബസേലിയോസ് മാര്‍‍ത്തോമ്മാപൗലോസ് ദ്വിതീയന്‍

പുതുപ്പള്ളി, നവംബര്‍ 6: പരസ്‌പര വിരുദ്ധങ്ങളായ അധികാരവും ശുശ്രൂഷയും സമന്വയിപ്പിക്കുകയാണ് സഭാധ്യക്ഷന്മാരുടെ കടമയെന്ന് പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍‍ത്തോമ്മാപൗലോസ് ദ്വിതീയന്‍ പാത്രിയര്‍‍ക്കീസ് ബാവ പറഞ്ഞു.

പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളി നേതൃത്വത്തില്‍ ബാവക്ക് നല്‍കിയ സ്വീകരണത്തിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ സഭ തിരുത്തല്‍ ശക്തിയായി നിലനില്‍ക്കണം. വെല്ലുവിളികളെ അതിജീവിക്കാന്‍ ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പൗരസ്ത്യ അസ്സിറിയന്‍ സഭാധ്യക്ഷന്‍ ആര്‍‍ച്ച് ബിഷപ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. സഭകള്‍ തമ്മിലുള്ള ബന്ധം വളരുന്നത് സഭക്കും സമൂഹത്തിനും നല്ലതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാര്‍ അപ്രേം മെത്രാപ്പോലീത്ത,
പ. ബസേലിയോസ് മാര്‍‍ത്തോമ്മാപൗലോസ് ദ്വിതീയന്‍,
സ്വാമി ഗോലോകാനന്ദജി എന്നിവര്‍

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ സഭയ്ക്കു് വളരെ പ്രതീക്ഷകളുണ്ടെന്നു് കണ്ടനാടു് (കിഴക്കു്) ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ദിശാബോധത്തോടെയുള്ള നേതൃത്വമാണു് സഭ പുതിയ കാതോലിക്കാ ബാവയില്‍ നിന്നു് പ്രതീക്ഷിക്കുന്നതു്. വിപണിയുടെ ആധിപത്യത്തില്‍ നിന്നു് ജനത്തെ വിമോചിപ്പിച്ചു് ദൈവരാജ്യത്തിനനുസൃതമായി ലോകത്തെ പരിവര്‍‍ത്തനപ്പെടുത്തുന്നതിനുള്ള നേതൃത്വം നല്കാന്‍ സഭ ബാദ്ധ്യസ്ഥമാണു് . കാലാകാലങ്ങളിലുണ്ടാകുന്ന ചുറ്റുപാടുകളുടെ അടിസ്ഥാനത്തില്‍ വിശ്വാസ പ്രതികരണങ്ങള്‍ക്കു് വ്യതിയാനം സംഭവിക്കുന്നുണ്ടു്. കഷായത്തിന്റെ കുറിപ്പടിപോലെയുള്ള ഒന്നല്ല വിശ്വാസം.
ചുറ്റുപാടുകളോടു് ചേര്‍‍ന്നു് ഗൗരവമായിട്ടുള്ള വിശ്വാസ പ്രതികരണങ്ങള്‍‍ സഭയില്‍നിന്നുണ്ടാകുവാന്‍ പരിശുദ്ധ ബാവ നേതൃത്വം നല്കണം.
ഡോ. തോമസ് മാര്‍ അത്തനാസിയോസ് 

പരിശുദ്ധ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ ബാവയെ അനുസ്മരിപ്പിയ്ക്കുന്ന വിധം ദീര്‍ഘകാലം സഭാഭരണം നടത്താനും ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ യുഗം തന്നെ സൃഷ്ടിയ്ക്കുവാനും പുതിയ കാതോലിക്കാ ബാവയ്ക്കു് കഴിയട്ടെ എന്നു് മെത്രാപ്പോലീത്ത ആശംസിച്ചു.
ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി ഗോലോകാനന്ദജി, പ്രതിപക്ഷ നേതാവും മുന്‍ മഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി, ഡോ. മാത്യുസ് മാര്‍ സേവേറിയോസ്, ജോസ്.കെ.മാണി എം.പി, ജില്ലാ കലക്ടര്‍ മിനി ആന്റണി, ജോസഫ് എം. പുതുശേരി എം.എല്‍.എ തുടങ്ങിയവരും ആശംസയര്‍‍പ്പിച്ച് സംസാരിച്ചു


സ്നേഹം സാഗരമായി, പരിശുദ്ധ ബാവായ്ക്ക് ഊഷ്മള വരവേല്‍പ്
(മലയാള മനോരമ)
പുതുപ്പള്ളി: വിശ്വാസികള്‍ സ്നേഹംകൊണ്ട് സാഗരം തീര്‍ത്തു. ആത്മീയ ചൈതന്യം നിറഞ്ഞു കവിഞ്ഞ സന്ധ്യയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക്പുതുപ്പള്ളി പള്ളിയില്‍ ഹൃദ്യമായ എതിരേല്‍പ്പാണു് ലഭിച്ചതു്. ദേവലോകം കാതോലിക്കാസന അരമനയില്‍നിന്നു് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയിലാണ് പരിശുദ്ധ ബാവായെ പുതുപ്പള്ളിയിലേക്ക് ആനയിച്ചത്. കാതോലിക്കോസ് പതാകയുമായി ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ വിശ്വാസികളുടെ നീണ്ട നിരയായിരുന്നു. അംശവടിയേന്തിയ വൈദികരായിരുന്നു മുന്‍പില്‍.

ഇരുചക്രവാഹനങ്ങളും മറ്റു വാഹനങ്ങളും അകമ്പടിയേകി. മുണ്ടകപ്പാടം മന്ദിരങ്ങളുടെ നേതൃത്വത്തില്‍ മാങ്ങാനത്ത് പരിശുദ്ധ കാതോലിക്കാബാവായെ സ്വീകരിച്ചു. പുതുപ്പള്ളി കവലയിലെ കുരിശിന്‍തൊട്ടിയില്‍ കോട്ടയം ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ ബാവായെ സ്വീകരിച്ചു. വിവിധ സംഘടനകള്‍ പുഷ്പമാലയണിയിച്ചാണ് ബാവായെ സ്വീകരിച്ചത്. തുടര്‍ന്ന് ഹംസരഥത്തില്‍ ആയിരക്കണക്കിന് വിശ്വാസികളുടെയുംവാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ബാവായെ പള്ളിയിലേക്ക് ആനയിച്ചു.

ഹംസരഥത്തില്‍ എഴുന്നള്ളിയ പരിശുദ്ധ ബാവായെ കാണാന്‍ വീഥികള്‍ക്കിരുവശവും ജനങ്ങള്‍ തിങ്ങിനിറഞ്ഞു.നിലവിളക്കുകള്‍ തെളിച്ചാണ് വീഥികള്‍ക്കിരുവശവും ഘോഷയാത്രയെ വരവേറ്റത്. ബാന്‍ഡ് മേളം, സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍, ചെണ്ടമേളം, ഗായക സംഘങ്ങള്‍ എന്നിവ ഘോഷയാത്രയ്ക്കു മാറ്റുകൂട്ടി. ജംക്ഷനിലെത്തിയ
ബാവായെ ആര്‍പ്പു വിളികളോടെയാണ് വിശ്വാസികള്‍ കുരിശിന്‍ തൊട്ടിയിലേക്ക് ആനയിച്ചത്. സമീപത്തെ ദേവാലയങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലും സ്വീകരിച്ചു. പുതുപ്പള്ളിപള്ളിയുടെ പ്രവേശന കവാടം മുതല്‍ പള്ളിമുറ്റം വരെ വിശ്വാസികള്‍ ഇരുവശവും തിങ്ങിനിറഞ്ഞു നിന്നാണ് വരവേല്‍പ്പ് ഒരുക്കിയത്. ജയ് ജയ് കാതോലിക്കോസ് വിളികളായിരുന്നു എങ്ങും.

ആചാരവെടികള്‍ മുഴക്കിയും ദേവാലയ മണികളുടെ നാദം പൊഴിച്ചുമാണ് പള്ളിയിലേക്ക് ബാവായെ സ്വീകരിച്ചത്. പുതുപ്പള്ളി കവലയിലെ കുരിശിന്‍തൊട്ടിയിലും പള്ളിയിലും പ്രാര്‍ഥനയും നടന്നു. പരിശുദ്ധകാതോലിക്കാ ബാവാ നേരത്തെ നിയുക്ത കാതോലിക്കാസ്ഥാനത്തേക്ക് ഉയര്‍ത്തിയ ദിനം തന്നെയായിരുന്നു പുതുപ്പള്ളി പള്ളിയെ പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവാ ഉയര്‍ത്തിയതെന്ന പ്രത്യേകതയുമുണ്ടായിരുന്നു.

ഫോട്ടോകള്‍ക്കു് കടപ്പാടു് എം ടി വിയോട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ