ആകമാന സഭാനിലപാടുകള്‍

20101112

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം: കേരള കത്തോലിക്കാ മെത്രാന്‍ സമിതി

കൊച്ചി, നവംബര്‍ 11:: എന്‍ഡോസള്‍ഫാന്‍ കീടനാശിനി പൂര്‍ണമായും നിരോധിക്കണമെന്നു് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ. സി. ബി. സി.) അഭിപ്രായപ്പെട്ടു.

കാസര്‍ഗോഡ്‌ ജില്ലയിലെ പതിനൊന്നു ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി വിതച്ച മാരകമായ ദുരന്തം അനുഭവിച്ചു ജീവിക്കുന്നവരാണുള്ളത്‌. ഈ സാഹചര്യത്തില്‍ ജനീവയില്‍ നടന്ന ലോക കീടനാശിനി റിവ്യൂകമ്മിറ്റിയുടെ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‌ അനുകൂലമായ നിലപാടു് കേന്ദ്രഗവണ്‍മെന്റ്‌ സ്വീകരിച്ചതു ഖേദകരമാണ്‌.

യൂറോപ്യന്‍ യൂണിയനടക്കം 63 രാജ്യങ്ങള്‍ ഇതിനകം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും ഇന്ത്യ ഇനിയും എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ മടികാണിക്കുന്നതു ജീവവിരുദ്ധമാണ്‌. എന്‍ഡോസള്‍ഫാനെക്കുറിച്ചു് മാത്രമല്ല സംസ്ഥാനത്ത്‌ ഉപയോഗിക്കുന്ന മറ്റു കീടനാശിനികളെക്കുറിച്ചും വിശദമായ പഠനവും അന്വേഷണവും നടത്തേണ്‌ട സമയം അതിക്രമിച്ചിരിക്കുന്നു. അമിതമായ കീടനാശിനി ഉപയോഗവും രാസവളവും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. പെരുകിക്കൊണ്‌ടിരിക്കുന്ന പല രോഗങ്ങളും വിരല്‍ചൂണ്‌ടുന്നത്‌ അമിതമായ വിഷപ്രയോഗത്തിലേക്കാണ്‌.

മനുഷ്യജീവന്റെ വില മനസിലാക്കി ഭക്ഷ്യ ഉത്‌പന്നങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാ കീടനാശിനികളെക്കുറിച്ചും സമഗ്ര അന്വേഷണവും പഠനവും നടത്തണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, സെക്രട്ടറി ജനറല്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ